ദൈവാസ്തിക്യം – Article 1

(പ്രബോധനം 1970)

നമ്മുടെ മുമ്പിൽ മനോഹരമായ ഒരു കെട്ടിടം പടിപടിയായി ഉയർന്നു വരുന്നതു നാം കാണുന്നുവെന്നു കരുതുക. അതിന്റെ പിറകിൽ സമർത്ഥമായ ഒരാസൂത്രണം (പ്ലാനിങ്ങ്) നടന്നിട്ടുണ്ടെന്നു ഏതൊരു സാമാന്യബുദ്ധിയും സമ്മതിക്കും. മുൻകൂട്ടിയുള്ള യാതൊരാസൂത്രണവുമില്ലാത കണ്ടമാനം,സ്വയമേവ ഉയർന്നു വരികയാണ് പ്രസ്തുത കെട്ടിടം എന്നും വല്ലവരും വാദിക്കുന്ന പക്ഷം അതു സമ്മതിച്ചു തരുവാൻ ബുദ്ധിയുള്ള ആരെയും കിട്ടുകയില്ല.

പ്രസ്തുത ഉദാഹരണം മനസ്സിൽ വച്ചു ചിന്തിച്ചു നോക്കുക:  അനന്ത വിസ്തൃതവും അവർണ്ണനീയവും അതിഗംഭീരവുമായ ഈ ബ്രഹ്മാണ്ഡ കടാഹം യാതൊരാസൂത്രണവുമില്ലാതെ സ്വയമേവ ഉണ്ടായതാണെന്നും ഒരു വിഭാഗം വാദിച്ചാൽ അതു മനുഷ്യ മനഃസാക്ഷിക്കെങ്ങിനെ സമ്മതമാകും?  ഏററവും ചെറിയ മൺതരിതൽ വലിയ വലിയ ഗോളങ്ങൾ വരെ ഈ പ്രപഞ്ചത്തിലെ ഓരോരോ വസ്തുക്കളും സുശക്തമായ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ചങ്ങലകളാൽ ബന്ധിതങ്ങളാണ്. സൂര്യൻ അതിന്റെ ചലന നിയമത്തെ ഒരിക്കലും അതിലംഘിക്കുന്നില്ല. ചന്ദ്രൻ അതിന്റെ സഞ്ചാരപഥത്തിൽ നിന്നും ഒരു കാലത്തും വ്യതിചലിക്കുന്നില്ല. നക്ഷത്രജാലങ്ങൾ സുനിർണ്ണിതമായ ഒരു ക്രമമനുസരിച്ച് ചലിയ്ക്കുന്നു. ഭൂഗോളം അലംഘനീയമായ ഒരു പരിപാടിക്ക് വിധേയമായി സൂര്യനെ വലംവെക്കുന്നു. ഇങ്ങനെ മഹത്തും ബൃഹത്തു മായ ഈ ബ്രഹ്മാണ്ഡ കടാഹത്തിലെ ഓരോ വസ്തുവും ഒരു വ്യവസ്ഥയും ചിട്ടയും കണിശമായും പാലിച്ചു വരികയാണ്. ചിന്തിച്ചു നോക്കുക ഇതെല്ലാം മുൻകൂട്ടിയുള്ള ഒരാസൂത്രണമില്ലാതെ, കണ്ടമാനം, തനിയെ സംഭവിച്ചു കൊണ്ടിരിക്കുയാണെന്നു നമുക്കെങ്ങിനെ പറയുവാനൊക്കും?

നിഖില ബ്രഹ്മാണ്ഡ കടാഹത്തെ ഇത്രയും സുവ്യവസ്ഥിതമായും സുസംഘടിതമായും സംവിധാനം ചെയ്തിട്ടുള്ളത് ജ്ഞാനവും ബോധവും ഇച്ഛാ ശക്തിയുമുള്ള  ഒരാസൂത്രകനാണെന്നു നമ്മുടെ മനഃസാക്ഷി വിളിച്ചു പറയുന്നു. പ്രസ്തുത ആസൂത്രകനെയത്രെ മതക്കാർ വിവിധ നാമങ്ങളിൽ വിളിക്കുന്നത്  ഹിന്ദുക്കൾ ‘പരബ്രഹ്മം’ എന്നും, ക്രിസ്ത്യാനികൾ ‘യഹോവ’ എന്നും, മുസൽമാൻമാർ ‘അല്ലാഹു’ എന്നും, സൊരാഷ്ട്രർ ‘അഹുരമസ്ദൻ’ എന്നും. ഇങ്ങനെ ഓരോ മതവിഭാഗവും ഓരോ നാമത്തിൽ അവനെ വിളിക്കുന്നു. ഇതുപോലെ ഓരോ ഭാഷക്കാർക്കും ഓരോ പേരാണ് അവനെ വ്യവഹരിക്കുവാനുള്ളത്. മലയാളികൾ ‘ദൈവം’, ‘ഈശ്വരൻ’ എന്നീ പേരുകളിലും പേർഷ്യക്കാർ ‘ഖുദാ എന്ന പേരിലും ഇംഗ്ലീഷുകാർ ‘ഗോഡ്’ എന്ന പേരിലും അവനെ സംബോധന ചെയ്യുന്നു. പേരെന്തായാലും പൊരുളൊന്നാണ്: പ്രപഞ്ചത്തെ ആസൂത്രണം ചെയ്ത് സംവിധാനിച്ചിട്ടുള്ള മഹാ ശക്തി!

പ്രവാചകന്മാരുടെ ദൗത്യം

മുസ്ലിംകൾ, ക്രിസ്ത്യാനികൾ, ജൂതന്മാർ തുടങ്ങിയ മതവിഭാഗങ്ങൾ പ്രവാചകന്മാരിലും അവരുടെ ദൗത്യത്തിലും വിശ്വസിക്കുന്നവരാണ്. ഹിന്ദുക്കളും വേറെ പല മതക്കാരും പ്രവാചകന്മാരിൽ വിശ്വസിക്കുന്നില്ല. എന്നിരുന്നാലും അവർക്കുമുണ്ട് മതാചാര്യന്മാർ. ഹിന്ദുക്കൾ അവരുടെ മതാചാര്യന്മാരെ ‘ഋഷിമാർ’ എന്നോ “അവതാരപുരുഷന്മാർ’ എന്നോ വിളിക്കുന്നു. സത്യധർമ്മാദികൾ ഉപദേശിച്ച മഹാപുരുഷന്മാരെയാണ് ഋഷിമാരും മുനിമാരും അവതാരപുരുഷന്മാമായി അവർ സ്മരിക്കുന്നത്. ഈ മതാചാര്യന്മാരിൽ ചിലർ നമ്മുടെ നിർവ്വചനപ്രകാരം ‘നബി’മാരും ‘റസൂൽ’ മാരുമായിരിയ്ക്കാം. എല്ലാ ഓരോ ജനസമുദായത്തിനും റസൂലിനെ ദൈവം നിയോഗിച്ചിട്ടുള്ളതായി വിശുദ്ധഖുർആൻ അവകാശപ്പെടുന്നു.

(ഏതൊരു സമുദായത്തിനും ഒരു ദൈവ ദൂതനുണ്ടു – യൂനുസ്)

(എല്ലാ ഓരോ ജനപദത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. – അന്നഹ്‌ൽ)

എന്നാൽ ഇന്ത്യയിൽ നിയുക്തരായ മതാചാര്യന്മാരുടെ വസ്തു നിഷ്ഠവും കലർപ്പുറ്റതുമായ ജീവചരിത്രം നമ്മുടെ മുമ്പിലില്ലാത്തതുകൊണ്ട്, അവരിൽ ആരൊക്കെയായിരുന്നു നബിമാരെന്നും റസൂൽമാരെന്നും നമുക്കും ഖണ്ഡിതമായി തീർപ്പ് കല്പിക്കുവാൻ കഴിയുന്നില്ല. എന്നിരുന്നാലും അവരിൽ ചിലരെങ്കിലും ദൈവത്താൽ നിയുക്തതരായ പ്രവാചകരായിരിക്കുമെന്ന് ആ സാമാന്യേന തീരുമാനിക്കുന്നതിൽ യാതൊരു വിരോധവുമില്ല.

ഏതായാലും ഒരു വസ്തുത നമ്മുടെ നിഗമനത്തിൽ തെളിഞ്ഞു വരുന്നു: പ്രവാചകന്മാരുടെയും മതാചാര്യന്മാരുടെയും മുന്നിൽ ഇന്നത്തെപ്പോലെ നാസ്തികവാദികളുടെ ഒരു സമൂഹമുണ്ടായിരുന്നില്ല. അതുകൊണ്ടു ദൈവാസ്തിക്യത്തെ സ്ഥാപിച്ചുറപ്പിക്കുവാൻ കാര്യമായ ശ്രമമൊന്നും അവ ർക്ക് നടത്തേണ്ടി വന്നിരുന്നില്ല. ദൈവാസ്തിക്യം സ്ഥാപിക്കാനായി തങ്ങളുടെ പ്രബോധനം ഉപയോഗപ്പെടുത്തിയതിനു അറിയപ്പെട്ട പ്രവാചകന്മാരുടെ ചരിത്രത്തിലൊന്നും മാതൃകയില്ല.

പ്രവാചകന്മാർ കിണഞ്ഞു ശ്രമിച്ചതും ദൈവത്തിന്റെ ഏകത്വം സ്ഥാപിക്കുവാനായിരുന്നു. കാരണമുണ്ട്. ജനങ്ങൾ പ്രപഞ്ചനാഥനോടൊപ്പം മറ്റു പലർക്കും ദൈവത്തിൻറ അധികാരങ്ങളും അവകാശങ്ങളും വകവച്ചുകൊടുത്തിരുന്നു. ദേവീദേവന്മാർ, അഥവാ, മലാഖമാർ, ഭൂതപിശാചന്മാർ, മരിച്ച മൺമറഞ്ഞ മഹാ പുരുഷന്മാർ ആദിയായ സൃഷ്ടികളു ടെ പ്രതിമകളും കല്പിത രൂപങ്ങളും പ്രതിഷ്ഠിച്ച് ആരാധിച്ചിരുന്നു. അവരോടും സങ്കടങ്ങളും ആവലാതികളും വേവലാതികളും ബോധിപ്പിച്ച്, നിവൃത്തി വരുത്തികൊടുക്കുവാൻ പ്രാർത്ഥിച്ചിരുന്നു. ആ പ്രതിമകളുടെയും വിഗ്രഹങ്ങളുടെയും സവിധത്തിൽ നേർച്ചകളും വഴിപാടുകളും ‘ബലികളും യാഗങ്ങളും അർപ്പിച്ചിരുന്നു. മഹാന്മാരുടെ ശവകുടീരങ്ങൾ കെട്ടിപ്പൊക്കി, ആണ്ടറുതികളും ഉൽസവങ്ങളും കൊണ്ടാടിയിരുന്നു. ഇമ്മാതിരി കാര്യങ്ങൾക്കാണ് ഖുർആൻ സാങ്കേതിക ഭാഷയിൽ ‘ശിർക്ക്’ എന്ന് പറയുന്നത്. 

ശിർക്കിനെ ഉച്ചാടനം ചെയ്ത് ഏകദൈവത്വസിദ്ധാന്തത്തെ ഊട്ടിയുറപ്പിക്കുവാനായിരുന്നു. പ്രവാചകന്മാർ പ്രഥമമായും പ്രധാനമായും ശ്രമിച്ചത്.  ദൈവാസ്തിക്യം സംസ്ഥാപിക്കുകയെന്ന ഗതികേട് അഭിമുഖീകരിച്ചിരുന്നില്ല. ഖുർആൻ, ബൈബിൾ അവരെ ഇതാണ മുതലായ നിലവിലുള്ള മതസാഹിത്യങ്ങളിൽ നിന്ന്  നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ചരിത്ര നിഗമനം.

ഫിർഔനും നിംറൂദും   

ഹ: ഇബ്രാഹീം നബി (അ) യുടെ കാലത്ത് കാൽഡിയ (ബാബിലോണിയ) ഭരിച്ചിരുന്ന നിംറൂദ് രാജാവ്, ജീവിതമരണങ്ങളുടെ അധിപതിതാനാണ് എന്നും, ഹ: മൂസാനബി (അ)യുടെ കാലത്ത് ഈജിപ്ത് വാണിരുന്ന ഫിർഔൻ (ഫറോവ) രാജാവ്, ഈജിപ്ത്കാരുടെ ‘റബ്ബുൽ അഹ്ലാ’ (പരമേശ്വരൻ) താനാണ് എന്നും വാദിച്ചതായി ഖുർആൻ ഉദ്ധരിച്ചിട്ടുണ്ട്. ഈ സംഭവ വിവരണത്തിൽ നിന്നും ഫിർഔനും നിംറൂദും നിരീശ്വരവാദികളോ സ്വയം ദൈവത്വവാദികളോ ആണെന്നു പലരും ധരിച്ചുവശായിട്ടുണ്ട്.

ചരിത്രത്തിനും നിരക്കാത്ത കേവലം തെറ്റുധാരണയാണത്. കാൽഡിയൻ വർഗ്ഗത്തിന്റെ ആരാധ്യവസ്തു ‘നന്നാർ’ എന്നു വിളിക്കുന്ന ചന്ദ്ര ഭഗവാനായിരുന്നു. നന്നാറിന്റെ ഭൂലോക  പ്രതിനിധിയും പ്രതീകവുമെന്ന നിലയിലാണ്  നിംറൂദു രാജാവ് കാൽഡിയ ഭരിച്ചിരുന്നത്. അതിനാൽ തനിക്ക് ഏതൊരാളെയും യഥേഷ്ടം വധിക്കുവാനും വധശിക്ഷയിൽനിന്നൊഴിവാക്കുവാനും ചന്ദ്രഭഗവാൻ അധികാരം നല്കിയിട്ടുണ്ടെന്നാണ് നിംറൂദു രാജാവിന്റെ വാദത്തിനർത്ഥം. ജീവിതമരണങ്ങളെസ്സംബന്ധിക്കുന്ന പ്രകൃതിശക്തിയെയും പ്രകൃതി നിയമത്തെയും നിയന്ത്രിക്കുന്നത് താനാണെന്നല്ല. അതു കൊണ്ടാണ്, കിഴക്കുനിന്നുദിക്കുന്ന സൂര്യനെ പടിഞ്ഞാറുനിന്നും കൊണ്ടുവരാൻ ഇബ്റാഹിം നബി (അ) വെല്ലുവിളി നടത്തിയപ്പോൾ അയാൾ അന്ധാളിപ്പിൽ പെട്ടതായി ഖുർആൻ എടുത്തു പറഞ്ഞത്. ചുരുക്കത്തിൽ മറ്റു കാൽഡിയന്മാരെപ്പോലെ നിംറൂദും ചന്ദ്രദേവനെ പൂജിച്ചിരുന്ന ഒരു ബഹുദൈവവാദി മാത്രമായിരുന്നു. നാസ്തികനോ സ്വയം ദൈവത്വവാദിയോ ആയിരുന്നില്ല. ‘ഊർ’ എന്ന പട്ടണത്തെ കേന്ദ്രമാക്കി ഭരിച്ചിരുന്ന, അക്കാലത്തെ കാർഡിയൻ ദേശീയ രാജാക്കന്മാരെല്ലാം ‘ഊർനിമ്മു’ (ഊറിന്റെ പിതാവ്) എന്ന സ്ഥാനപ്പേർ സ്വീകരിച്ചിരുന്നു. പ്രസ്തുത പദത്തിന്റെ അറബി തത്ഭവമാണ്  നിംറൂദ്.

ഇതുപോലെ, ഈജിപ്തിലെ ദേശീയ രാജാക്കന്മാർ പഴയ കാലത്ത് സ്വീകരിച്ചുവന്ന സ്ഥാനപ്പേരാണ് ‘ഫറോവാൻ’. അതിന്റെ അറബി പാഠമത്രെ ‘ഫിർഔൻ’ പുരാതന ഈജിപ്തുകാർ സൂര്യനെയാണ് തങ്ങളുടെ ആരാധ്യവസ്തുവായി വരിച്ചിരുന്നത്. സൂര്യഭഗവാനെ അവർ ‘റഅ” എന്നാണ് വിളിച്ചിരുന്നത്. ‘റഇ ‘ ന്റെ ഭൂലോക പ്രതിനിധിയും പ്രതീകവുമായിരുന്നു, അവരുടെ വിശ്വാസത്തിൽ ഈജിപ്തും വാഴുന്ന ദേശീയ അതിനാൽ ‘സൂര്യപുത്രൻ’ എന്നർത്ഥമായ ‘ഫറോവാൻ’ എന്ന സ്ഥാനപ്പേർ രാജാവ് സ്വീകരിച്ചുവന്നിരുന്നു. മൂസാനബിയുടെ കാലത്ത് ഈജിപ്ത് വാണരുളിയിരുന്നതു രണ്ടു ഫറോവമാരായിരുന്നുവെന്നും, ഒന്നാമത്തെ ഫറോവയുടെ പേർ ‘റേoസേസ്’ രണ്ടാമൻ (Ramses II, B. C 1292-1225) എന്നായിരുന്നുവെന്നും, അയാളുടെ പുത്രനായ രണ്ടാമത്തെഫറോവയുട നാമം ‘മിനിഫ്റ്റാ’ (Menephtah B. C.1932-1924) എന്നായിരുന്നുവെന്നും ചരിത്ര ഗവേഷകന്മാർ അഭിപ്രായപ്പെടുന്നു.

അതെന്തെങ്കിലുമാവട്ടെ, ഫറോവമാർക്ക് ധാരാളം ദൈവങ്ങളുണ്ടായിരുന്നുവെന്ന്  ഖുർആൻ തന്നെ മറ്റൊരിടത്ത് സൂചിപ്പിക്കുന്ന സ്ഥിതിക്ക്, അവർ നാസ്തികരോ സ്വയം ദൈവത്വ വാദികളോ ആണെന്നും കല്പിക്കുന്നത് യുക്തിസഹമല്ല. അപ്പോൾ താനാണ് പരമേശ്വരൻ (റബ്ബൽ അഅ്ലാ) എന്നും ഫിർഔൻ പറഞ്ഞതിന്റെ യഥാർത്ഥ പൊരുൾ ഇതത്രെ: ഈജിപ്തിൽ ചോദ്യം ചെയ്യപ്പെടാത്ത അധികാരസ്ഥനും അധിപതിയും നിരുപാധികം അനുസരിക്കപ്പെടേണ്ടുന്ന പരമശക്തിയും താനാണ്. തനിക്കുപരി തന്നെ ചോദ്യം ചെയ്യുവാനോ തന്റെ അധികാരത്തെ നിയന്ത്രിക്കുവാനോ മറെറാരു ശക്തിയില്ല. 

ആകയാൽ ഇബ്റാഹീം നബി (അ) ക്കും മൂസാനബി(അ)ക്കും നീരശ്വരവാദികളോടും നാസ്തികന്മാരോടുമല്ല നേരിടേണ്ടിവന്നത്; പിന്നെയോ, കൊടിയ ബഹുദൈവത്വവാദികളോടും കടുത്ത അഹംകാരികളോടുമാണ്. ഇതത്രെ ചരിത്ര സത്യം.

ഗ്രീക്കു ദാർശനികന്മാർ

ഗ്രീക്കു തത്വചിന്തകന്മാരിൽ ഒരു വിഭാഗം മനുഷ്യന്റെ മരണാനന്തര  ജീവിതത്തെയും ആത്മാവിനെയും നിഷേധിച്ചിരുന്നു. ഇവരുടെ ആചാര്യനായിരുന്നു ഡെമോക്രീറ്റസും (Democritus B. C. 460-370) മനുഷ്യജഡത്തെ ഒരു യന്ത്രത്തോടാണ് അദ്ദേഹം ഉപമിച്ചത്. വിവിധ ശകലങ്ങൾ സമഞ്ജസമായി സംഘടിപ്പിച്ച ഒരു യന്ത്രത്തെ ചലിപ്പിച്ച വിട്ടാൽ അതിന്റെ ശക്തി നിലനിനിൽക്കുന്ന കാലത്തോളം അത് കറങ്ങിക്കൊണ്ടിരിക്കും. പക്ഷെ ശക്തി ക്ഷയിച്ച്, അവസാനിക്കുന്നതോടെ യന്ത്രത്തിന്റെ ചലനം നിലക്കുന്നു  അനന്തരം അത് ശകലങ്ങളായി ചിന്നഭിന്നമായിത്തീരുകയും ചെയ്യുന്നു.

ഇതുപോലെയാണ് മനുഷ്യജഡം ഇതു അണുക്കളുടെ സങ്കലനം മൂലം ഉണ്ടായിത്തീരുന്നതാണ്. മരണം വരെ അതു ചലിച്ചുകൊണ്ടിരിക്കും. മരണത്തോടെ ശരീരത്തിന്റെ ചലനം അവസാനിക്കുന്നു. അനന്തരം അണുപ്രായത്തിൽ അത് ഛിന്നിച്ചിതറുന്നു മനുഷ്യനിൽ മരണാനന്തരം അവശേഷിക്കുന്ന ഒരാത്മാവില്ല. ശരീരം  മാത്രമേയുള്ളു.  

ഇതാണ് ഡെമോക്രീറ്റസിന്റെ മനുഷ്യജീവിത സങ്കല്പം. ഇതിനും ‘ജീവിത്തിന്റെ യാന്ത്രിക സങ്കല്പം (Mechanical concept of life) എന്നാണ് പേർ.

പരാമണുവാദത്തിന്റെ ഉപജ്ഞാതാവ് ഡെമോക്രീറ്റസാണ്. “ഭാരതീയ ദർശനത്തിൽ പരമാണുവാദത്തിന്റെ പ്രാദുർഭാവമുണ്ടായത് യവനന്മാരുടെ സമ്പർക്കം മൂലമാണെ” ന്നു രാഹുൽ സാംകൃത്യായൻ അഭിപ്രായപ്പെടുന്നു. (വിശ്വദർശനങ്ങൾ, പേ:16) പരമാണു അഭേദ്യമാണെന്നായിരുന്നു ഗ്രീക്കുകാരുടെ മതം. ‘അറ്റോമോസ്’  എന്ന ഗ്രീക്കു പദത്തിൽ നിന്നാണ്  ഇംഗ്ലീഷിലെ ‘ആറ്റം’  (Atom=പരമാണു) നിഷ്പാദിച്ചത്.

അഭിനവ ഭൗതികവാദം

പതിനെട്ടാം നൂറ്റാണ്ടിലേയും പത്തൊമ്പതാം നൂറ്റാണ്ടിലേയും പാശ്ചാത്യൻ ഭൗതികവാദികൾ ഡെമോക്രീറ്റസിന്റെ യാന്ത്രിക വാദത്തെ കെട്ടിപ്പുണർന്നു. തങ്ങളുടെ നിരീശ്വരവാദത്തിനും അനാത്മ വാദത്തിനുമുള്ള അടിത്തറയായി അതിനെ അംഗീകരിച്ചു. അവരുടെ വാദത്തിന്റെ ചുരുക്കം: “ദൈവം മനുഷ്യനേയും പ്രപഞ്ചത്തേയും സൃഷ്ടിച്ചതല്ല. മറിച്ച്, മനുഷ്യമസ്തിഷ്ക്കത്തിന്റെ സൃഷ്ടിയാണ് ദൈവം!”

അതായതു, ദൈവമെന്നൊന്നില്ല. മനുഷ്യൻ അങ്ങനെയൊന്നുണ്ടെന്നു സങ്കല്പിച്ചു പൂജിച്ചു. അത്രമാത്രം.

ദൈവമെന്ന ഒരു ശക്തിയില്ലെങ്കിൽ ഇത്രയും വിശാലവും, ഒരു പ്രത്യേക ക്രമത്തിൽ വളരുന്നതും, വിവിധ കഴിവുകളും ശക്തികളുമുൾക്കൊള്ളുന്നതും, പരമസുന്ദരവുമായ പ്രപഞ്ചം ആർ സംവിധാനിച്ചു എന്നു ചോദിച്ചാൽ അവർ പറയും, “ആരും സംവിധാനിച്ചതല്ല. പരമാണുക്കളുടെ അന്യോന്യ സങ്കലനം മൂലം തനിയേ ഉണ്ടായതാണ്” എന്ന്.

പരമാണുക്കൾക്ക് ബോധമോ, അറിവോ, ഇച്ഛാശക്തിയോ ഇല്ലെന്നും അവ കേവലം അന്ധവസ്തുക്കളാണെന്നും ഭൗതികവാദികളും സമ്മതിക്കുന്നുണ്ട്. എന്നിരിക്കുമ്പോൾ എത്രയും ആസൂത്രിതമായിക്കാണുന്ന ഈ പ്രപഞ്ചത്തെ ഇത്ര ഭംഗിയായി കൊണ്ടുവരാൻ പരമാണുക്കൾക്ക് എങ്ങിനെ കഴിഞ്ഞു? ഈ ചോദ്യത്തിനും ഭൗതിക വാദികളുടെ മറുപടി വളരെ രസാവഹമാണ്: ‘പ്രപഞ്ചം ആസൂത്രിതമല്ല; ആകസ്മിക മാണ്. ഒരു കുരങ്ങൻ അനാദികാലം മുതൽ ഒരു ടൈപ്പ്റൈറ്റർ മെഷീനിൽ കണ്ടമാനം മേടിക്കൊണ്ടിരുന്നാൽ ഏതെങ്കിലും കാലത്ത്, ഷെയ്ക്സ്പിയരുടെ ഒരു കവിതാശകലം രേഖപ്പെട്ടുവെന്നു വരാം. ഇതുപോലെ അനാദികാലം മുതൽ പരമാണുക്കൾ യാതൊരു മുൻവിധിയുമില്ലാതെ പരസ്പരം സങ്കലനം നടത്തിവരികയാണ്. അങ്ങനെ ഒരിക്കൽ യദൃച്ഛയാ പ്രപഞ്ചവും സംജാതമായി!”

ഏതായാലും ഒരു കാര്യം തീർച്ചയാണ്; സാധാരണക്കാരായ നമ്മുടെ വിഭാവനത്തിൽ ഈ തത്വദർശനം ഒതുങ്ങുന്നില്ല. മഹാ ചിന്തകന്മാരുടെ അസാധ്യ തലച്ചോറിൽ മാത്രമേ അത് കൊളളുകയുള്ളൂ. അതിനാൽ തത്വശാസ്ത്രത്തിന്റെ നൂലാമാലകൾ ഒരിടത്ത് മാറ്റിവെച്ച്, ഈ വിഷയകമായി ഖുർആൻ എന്തു പറയുന്നുവെന്നും നോക്കാം:

ഖുർആനിക വീക്ഷണം

ഖുർആന്റെ വീക്ഷണത്തിൽ പ്രപഞ്ചം പരിപർത്തന വിധേയമാണ്, പുരോഗമനോന്മുഖമാണ്. വിവിധ ദശകളിലായിട്ടാണ് അത് നിലവിൽ വന്നത്. പ്രധാനമായും ആറു ദശകളെ പ്രപഞ്ചം പിന്നിട്ടിട്ടുണ്ട്. അതാണ് ഖുർആൻ ഉണർത്തിയത്:

(ആകാശങ്ങളേയും ഭൂമിയെയും അവക്കിടയിൽ സ്ഥിതിചെയ്യുന്നവയേയും ആറു ദശകളിലായി സൃഷ്ടിച്ചവനാകുന്നു അല്ലാഹു! ആലം സജദ) 

ഏററവും ആദ്യമായി സൃഷ്ടിച്ചത് ആവി, അല്ലെങ്കിൽ പുകയത്രെ:

(അനന്തരം അവൻ ആകാശത്തിന്റെ നേർക്ക് തിരിഞ്ഞു: അതാകട്ടെ, ഒരു ആവിയായിരുന്നു. ഹം സജദ) 

ഈ ആവി പിന്നീട് വിവിധ അംശങ്ങളായി പിരിഞ്ഞു. അതിലൊരംശമാണ് ഭൂഗോളം:

(സത്യനിഷേധികൾ കണ്ടില്ലയോ? ആകാശങ്ങളും ഭൂമിയും (ആദിയിൽ) ഒട്ടിച്ചേർന്നവയായിരുന്നു. അനന്തരം നാം അവയെ അന്യോന്യം വേർപ്പെടുത്തി. അംബിയാഹ്)

അങ്ങനെ ഭൂമിയെ രണ്ടു ദശകളിലായി സൃഷ്ടിച്ചു:

(നബീ!) ചോദിച്ചു നോക്കൂ: ഭൂലോകത്തെ രണ്ടു ദശകളിലായി സൃഷ്ടിച്ച വിധാതാവിൽ നിങ്ങൾ അവിശ്വസിക്കുകയാണോ? ഹം സജദ)

അങ്ങനെ ഭൂഗോളത്തിൻറ ഉപരിതലത്ത് ഘനമുള്ള പർവ്വതങ്ങളെ ഉറപ്പിച്ചു നിർത്തി; വസന്തം, ഗ്രീഷ്മം, ശരത്ത്, ഹേമന്തം എന്നീ നാലു ഋതുക്കളിലേയ്ക്ക് പര്യാപ്തമായ ആഹാര വിഭവങ്ങൾ ആസൂത്രണം ചെയ്തുകൊണ്ടും അതിൽ സമൃദ്ധി നിക്ഷേപിച്ചു, അതും സമസ്ത ആവശ്യക്കാർക്കും സമാവകാശമായ വിധത്തിൽ:

അതിന്റെ ഉപരിതലത്തു, അവൻ കനത്ത പർവ്വതങ്ങളുറപ്പിച്ചു; അതിൽ സമൃദ്ധി ഉണ്ടാക്കി; നാലു  ഋതുക്കളിലേക്കുള്ള ആഹാര വിഭവങ്ങൾ അതിൽ ആസൂത്രണം ചെയ്തുവച്ചു. ആവശ്യക്കാർക്കെല്ലാം സാവകാശമായ നിലയിൽ!)

ഇതുപോലെ രണ്ടു ദശകളിലായി ഏഴു ആകാശങ്ങളും പണി തീർത്തു. ഓരോ ആകാശത്തിലും അതിന്റെ നടത്തിപ്പ്  സംബന്ധിച്ച ഓർഡർ അയച്ചു. അടുത്ത ആകാശത്തെ സൂര്യ ചന്ദ്രതാരങ്ങളാകുന്ന ദീപജാലങ്ങളാൽ അലങ്കരിച്ചു:

എന്നിട്ട് രണ്ടു ദശകളിൽ അവയെ ഏഴാകാശമായി മുഴുമിച്ചു. ഓരോ ആകാശത്തിലും  അതിന്റെ (നടത്തിപ്പിനാവശ്യമായ ആജ്ഞാ സന്ദേശം ബോധനം ചെയ്തു. (ഭൂലോകത്തോട്) ഏററവും അടുത്ത ആകാശത്തെ വിവിധ ദീപങ്ങളാൽ അലങ്കരിച്ചു. അങ്ങനെ അതിനെ സുരക്ഷിതമാക്കി വക്കുകയും ചെയ്തു.)

തുടർന്നു ഭൂമിയോടും ആകാശത്തോടും കല്പിച്ചു: “ഒന്നുകിൽ സ്വയം അനുസരണശീലത്തോടെ, അല്ലെങ്കിൽ ബലാൽക്കാരമായി നമ്മുടെ അടുത്തേക്ക്  വന്നുകൊൾക.” അതായത്, ഉദ്ദിഷ്ട ലക്ഷ്യ സാഫല്യത്തിനായി സ്വയം തയാറാവുക; അല്ലെങ്കിൽ നാം തന്നെ അതിനു നിങ്ങളെ തയാറാക്കും. എന്നാൽ ആകാശവും ഭൂമിയും സ്വയം തന്നെ തയാറാവുകയാണുണ്ടായത്:

(അവൻ ആകാശത്തോടും ഭൂമിയോടും പറഞ്ഞു: “സ്വയം സന്നദ്ധതയോടെ നമ്മുടെ അടുത്തു വരിക. അല്ലെങ്കിൽ ബലാൽക്കാരം (കൊണ്ടുവരും). ”ആകാശവും ഭൂമിയും പ്രതിവചിച്ചു: “ഞങ്ങളിതാ സ്വയം സന്നദ്ധതയോടെ വന്നിരിക്കുന്നു!)

ഇപ്പറഞ്ഞതെല്ലാം പ്രപഞ്ചത്തിനുണ്ടായ പരിവർത്തനങ്ങളും പരിണാമങ്ങളുമാണ്. പല ഘട്ടങ്ങളേയും പതനങ്ങളേയും താണ്ടി കടന്നാണ് ഇന്നും നാം കാണുന്ന ഈ വിശ്വപ്രപഞ്ചം ഈ അവസ്ഥ പ്രാപിച്ചിരിക്കുന്നത്. പ്രപഞ്ചത്തിന്റെ പരിവർത്തനങ്ങളും പരിണാമങ്ങളും കൂമ്പടഞ്ഞിട്ടില്ല. അത് ഇന്നും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രാപഞ്ചിക മാറ്റങ്ങളെക്കുറിച്ച് കുറച്ചൊക്കെ ആധുനിക ശാസ്ത്രത്തിനും മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ മഹാ പാരാവാരത്തിലെ ഒരു തുള്ളിക്കുപോലും സമാനമല്ല. മനുഷ്യൻ പ്രാപഞ്ചിക വിജ്ഞാനം. അതിരിക്കട്ടെ, കിട്ടിയ അ റിവു വച്ചു നോക്കുമ്പോൾ തന്നെ പ്രപഞ്ചം നിശ്ചലമായ ഒരു വസ്തുവല്ല, നിരന്തരമായും അനുസ്യുതമായും ചലിക്കുന്ന ഒരു വസ്തുവാണെന്നു തെളിഞ്ഞിട്ടുണ്ട്.

പ്രപഞ്ചത്തിന്റെ ചലനം പിന്നോട്ടല്ല, മുന്നോട്ടാണ്. അതായത്, പ്രപഞ്ചം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്; വളർന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ അന്തർഭാഗത്തു നിക്ഷിപ്തമായിട്ടുള്ള ശക്തി വിശേഷങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം എന്താണ് വിളിച്ചോതുന്നത്? ഒന്നുമാത്രം: പ്രപഞ്ചം ഒരാസൂത്രകന്റെ ആസൂത്രണ ഫലമാണ്. ആകസ്മികമല്ല! ഇതു തന്നെയാണ് നാം സ്വല്പം മുമ്പ് കാണിച്ച പരിവർത്തന ദശകളെയെല്ലാം എടുത്തുദ്ധരിച്ച ശേഷം ഖുർആൻ പറയുന്നതും:

(ഇതൊക്കെ അജയ്യ ശക്തനും സർവ്വജ്ഞനുമായ അല്ലാഹുവിന്റെ ആസൂത്രണമത്രെ!)

മനുഷ്യന്റെ വളച്ച

ഇനി നമുക്ക് മനുഷ്യൻ പരിവർത്തന ദശകളേയും വളർച്ചയേയും കുറിച്ചു ചിന്തിക്കാം. മനുഷ്യൻ ഇന്നിക്കാണുന്ന അവസ്ഥ പ്രാപിച്ചതു ഒറ്റയടിക്കല്ല. നിരവധി പരിവർത്തന ഘട്ടങ്ങളെ താണ്ടിക്കടന്നു വളർന്നുവന്നതാണവൻ. ഈ പരിവർത്തനവും വളർച്ചയും അവൻറ ജഡത്തിലും മനസ്സിലും സംഭവിച്ചിട്ടുണ്ട്. അതുപോലെ മനുഷ്യ സമൂഹത്തിനൊട്ടാകെ തന്നെ മാറ്റങ്ങളും പുരോഗതികളും വന്നിട്ടുണ്ട്. മനുഷ്യസൃഷ്ടിയെക്കുറിച്ച ഖുർആൻ പ്രഖ്യാപിയ്ക്കുന്നു.

(പല ഘട്ടങ്ങളിലായിട്ടാണ് അവൻ നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്.) മനുഷ്യ സൃഷ്ടിയുടെ ആരംഭം കളിമണ്ണിൽനിന്നായിരുന്നു. വെള്ളം  കലർന്ന്, ഈർപ്പം കൂടിയ മണ്ണിനാണല്ലോ ‘കളിമണ്ണ്’ എന്നുപേർ. അതിനാൽ മറ്റു ചിലേടങ്ങളിൽ മണ്ണിൽ നിന്നെന്നും വെള്ളത്തിൽ നിന്നെന്നും പറഞ്ഞിട്ടുള്ളതും ഇതും തമ്മിൽ പൊരുത്തക്കേടില്ലെന്നു വ്യക്തം.

(അവൻ മനുഷ്യ സൃഷ്ടി ആരംഭിച്ചത് കളിമണ്ണിൽ നിന്നാകുന്നു.)

എന്നാൽ ജീവന്റെ ചലനം തുടങ്ങിയത് ഏതിൽ നിന്നാണ്‌? തനി പൃഥയാംശത്തിൽ നിന്നോ, ജലാംശത്തിൽ നിന്നോ? ശാസ്ത്രം പറയുന്നു, ജലാംശത്തിൽനിന്നെന്നു. ഖുർആനും അതു സാക്ഷികരിക്കുന്നു:

(ജീവനുള്ള ഏതൊരു വസ്തുവിനേയും ജലത്തിൽ നിന്നാണ് നാമുണ്ടാക്കിയതു. ഇനിയും അവർ വിശ്വസിയ്ക്കുന്നില്ലയോ?)

ദൈവത്തിൻറ സൃഷ്ടിപരിപാടി അവിടെ നിന്നും പുരോഗമിക്കുന്നു. എന്നിട്ട് മനുഷ്യൻ സസ്യലതാദികളുടെ ഘട്ടം പ്രാപിക്കുന്നു:

(അല്ലാഹു ഭൂമിയിൽ നിന്നും നിങ്ങളെ ഒരു സസ്യമായി മുളപ്പിച്ചിരിക്കുന്നു.)

പിന്നെ മൃഗങ്ങളുടെ പടിയിലേക്ക് മനുഷ്യ സൃഷ്ടി നീങ്ങുന്നു. എന്താണ് മൃഗങ്ങളുടെയും ജന്തു ലോകത്തിന്റേയും സവിശേഷത? പുരുഷബീജം സ്ത്രീ യോനിയിലേയ്ക്ക് തെറിച്ചുവീണു, അവിടെയുള്ള സ്ത്രീ ബീജവുമായി പരസ്പരം കൂടിച്ചേർന്നു, സന്തതികളെ ഉത്പാദിപ്പിയ്ക്കുക. മനുഷ്യൻ ഈ ഘട്ടത്തേയും തരണം ചെയ്തിട്ടുണ്ടെന്നാണ് ആധുനികശാസ്ത്രവും ഖുർആനും സിദ്ധാന്തിയ്ക്കുന്നതു

(താൻ എന്തൊന്നിൽ നിന്നും സൃഷ്ടിക്കപ്പെട്ടു എന്നു മനുഷൻ ഒന്നു ചിന്തിച്ചുനോക്കട്ടെ. തെറിക്കുന്ന ഒരു ജലകണത്തിൽ നിന്നാണ് അവൻ സൃഷ്ടിയ്ക്കപ്പെട്ടിട്ടുള്ളത്.

അതേ, പുരുഷൻറ ജനനേന്ദ്രിയത്തിൽ നിന്നും സ്ത്രീയുടെ ഗർഭാശയത്തിലേക്ക്  തെറിച്ചുവീഴുന്ന രേതസ്സത്തിലുള്ള ബീജമാണ് മനുഷ്യസൃഷ്ടിയുടെ മറെറാരു ഘട്ടം. അങ്ങനെ സന്തത്യുല്പാദനം നടത്തുന്ന ഒരു ജന്തുവായി മാറി മനുഷ്യൻ:

(അനന്തരം അവന്റെ സന്തതികളെ അതിനിസ്സാരമായ ഒരു നീരിന്റെ സത്തിൽ നിന്നും അല്ലാഹു ഉത്പാദിപ്പിച്ചു.) 

അങ്ങനെ മനുഷ്യന്റെ സൃഷ്ടി പദ്ധതി മൃഗലോകത്തേയും പിന്നിട്ടു.  അവനിൽ സവിശേഷമായ പലവാസനകളും ഇച്ഛകളും കഴിവുകളും സമഞ്ജസമായി ഘടിപ്പിച്ചു. അവക്ക് സുനിർണ്ണിതമായ അളവുകളും പരിമാണങ്ങളും നിശ്ചയിച്ചു. സന്തുലിതാവസ്ഥയിലാക്കി അങ്ങനെ ജഡ സംവിധാനം പൂർത്തിയായ ശേഷം മനുഷ്യനിൽ മഹത്തരവും അത്ഭുതാവഹവും അനന്യ സിദ്ധവുമായ ഒരു ശക്തിവിശേഷം ഉപക്ഷേപിച്ചു. അതത്ര ദിവ്യാത്മാവ്. തുടർന്നു

ശ്രവണത്തിനും ദർശനത്തിനു വിചിന്തനത്തിനുമുള്ള കഴിവുകൾ മനുഷ്യനിൽ സംജാതമാക്കി. ഇതോടെയാണ് മനുഷ്യൻ മനുഷ്യനായതെന്നു ഖുർആൻ നമുക്കു പഠിപ്പിക്കുന്നു;

(അതിൽപ്പിന്നെ അല്ലാഹു (അവനിൽ വിവിധ വാസനകളും ഇച്ഛകളും കഴിവുകളും സന്തുലനപ്പെടുത്തി) അവനെ സംവിധാനം ചെയ്തു അവനിൽ തന്റേതായ ചൈതന്യത്തിൽ നിന്നൊരംശം അല്ലാഹു ഉപക്ഷേപിച്ചു. അങ്ങനെ അവൻ ശ്രവണേന്ദ്രിയവും ദർശനേന്ദ്രിയങ്ങളും ചിന്തനേന്ദ്രിയങ്ങളും നിങ്ങൾക്കുണ്ടാക്കിത്തന്നു.)

ഇത്രയും പ്രസ്താവിച്ചതു മനുഷ്യൻ മനുഷ്യാവസ്ഥ പ്രാപിക്കുന്നതുവരേയുള്ള പരിവർത്തന ഘട്ടങ്ങളാണ്. ഈ പരിവർത്തനങ്ങളുടെ സ്വഭാവത്തെപ്പറ്റിത്തന്നെ നമുക്ക് ഒരു ലഘു പഠനം നടത്തി നോക്കുക: മണ്ണ്, കളിമണ്ണ്, ജലം സസ്യം, മൃഗം എന്നീ ഘട്ടങ്ങളയെല്ലാം തരണം ചെയ്ത ശേഷമാണ് മനുഷ്യൻ മനുഷ്യനായിത്തിർന്നത്. ഈ ഒരവസ്ഥയിൽ നിന്നു അതിനെക്കാൾ  വില കുറഞ്ഞ മറെറാരവസ്ഥയിലേക്കായിരുന്നില്ല. ഒരവസ്ഥയിൽ നിന്നു തത്തുല്യമായ മറ്റൊരാവസ്ഥയിലേക്കുമായിരുന്നില്ല. പിന്നെയോ, ഓരോ മാററവും തദവസ്ഥയെക്കാൾ ഉന്നതവും ശ്രേഷ്ഠവുമായ വേറൊരവസ്ഥയിലേക്കായിരുന്നു. ഇതിനാണ് പുരോഗതി എന്നും വളർച്ചയെന്നും നാം പറയുന്നത്. അപ്പോഴൊന്നും ചിന്തിച്ചുനോക്കുക: യാതൊരാസൂത്രണമോ ലക്ഷ്യമോ ഇല്ലാതെ, ഈ പുരോഗതിയും വളർച്ചയും സാധ്യമാണോ? മുൻകൂട്ടിയുള്ള ഒരാസൂത്രണമുണ്ടായിരുന്നില്ലെങ്കിൽ, മാററം സംഭവ്യമാണെങ്കിൽ തന്നെ അതും പുരോഗതിയിൽ നിന്നു പുരോഗതിയിലേക്കാവണമെന്നില്ലല്ലോ. മാറ്റങ്ങൾ മുന്നോട്ടാവുന്നതിനു പകരം, പിന്നോട്ടാവാമായിരുന്നു. അതും സംഭവിച്ചില്ല. അപ്പോൾ ഒരാസൂത്രണം നടന്നിട്ടുണ്ടെന്നു സ്പഷ്ടം!

മനുഷ്യന്റെ അനന്തര വളർച്ച

മനുഷ്യൻ മാനുഷികാവസ്ഥ പ്രാപിച്ചതോടെ അവന്റെ പുരോഗതി കൂമ്പടഞ്ഞില്ല; അവന്റെ വളർച്ച മുട്ടിയതുമില്ല. ശാരീരികമായും മാനസികമായും അവൻ പിന്നെയും വളർന്നുവന്നു; പുരോഗതി പ്രാപിച്ചു. ആധുനിക ശാസ്ത്രവും അനുഭവങ്ങളും അതു തെളിയിച്ചിട്ടുണ്ട്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പറക്കുന്ന മനുഷ്യൻ ആദിമ മനുഷ്യനല്ല തന്നെ.

എന്നാൽ ഇതുകൊണ്ടും അവന്റെ പുരോഗതി അവസാനിക്കുന്നില്ലെന്നാണ് ഖുർആൻ സിദ്ധാന്തിക്കുന്നത്. മനുഷ്യനെ യാതൊരുദ്ദേശ്യവുമില്ലാതെ വെറുതെ സൃഷ്ടിച്ചതല്ല.

(നിങ്ങളെ നാം സൃഷ്ടിച്ചത് വെറുതെയാണെന്നും നിങ്ങൾ വിചാരിച്ചുവോ?)

മനുഷ്യ സൃഷ്ടിയ്ക്ക് ഒരു ലക്ഷ്യമുണ്ട്, മഹത്തായ ലക്ഷ്യം. മനുഷ്യ പുരോഗതിയുടെ അന്ത്യം ആ ലക്ഷ്യപ്രാപ്തിയത്രെ. അത് സ്ഥലകാല പരിധികൾക്കു വിധേയമല്ല. ഈ പ്രാപഞ്ചിക വ്യവസ്ഥിതിക്കപ്പുറത്താണ് ആ ലക്ഷ്യം സ്ഥിതിചെയ്യുന്നത്. താരാപഥങ്ങളേയും പിന്നിട്ടുയരേണ്ടവനാണ് മനുഷ്യൻ. ഒരു ഉർദു കവി പാടി:

(താരാപഥങ്ങൾക്കുമപ്പുറമുണ്ട് വേറെ ലോകം.)

മനുഷ്യന്റെ പരമ ലക്ഷ്യം അവന്റെ നാഥനത്രെ: 

(അന്തിമ ഗതി നിന്റെ നാഥങ്കലേയ്ക്കാകുന്നു, തീർച്ച)

(അവസാന മടക്കം നിന്റെ നാഥനിലേക്കാണ്, നിശ്ചയം !

ദൈവത്തിന്റേതായ ആത്മചൈതന്യം ഉപക്ഷേപിച്ചതോടെയാണ് മനുഷ്യസൃഷ്ടി വിർഭൂതമായിട്ടുള്ളതെന്നും മുമ്പു പറഞ്ഞുവല്ലോ. ആ ആത്മ ചൈതന്യത്തിനും ദൈവത്തിങ്കൽ തന്നെ തിരിച്ചു ചെല്ലേണ്ടതുണ്ട്. അങ്ങോട്ടുള്ള യാത്രയാണ് മനുഷ്യൻ നടത്തിക്കൊണ്ടിരിക്കുന്നത്. പടിപടിയായിട്ടാണ് മനുഷ്യൻ ഉദ്ഗമനം:

(നിങ്ങൾ പടിപടിയായി കയറിച്ചെല്ലുക തന്നെ ചെയ്യും.)

മനുഷ്യന്റെ ലക്ഷ്യം അവൻറ നാഥനാണെന്നുള്ള വസ്തുതയല്ലാതെ, ആ ലക്ഷ്യ സാക്ഷാത്കാരം ഏതു രൂപത്തിലാണെന്നും ഖുർആൻ വിശദമാക്കിയിട്ടില്ല.

അതിനാൽ അതു നമുക്കിപ്പോൾ നിർണ്ണയിക്കുവാൻ സാധ്യമല്ല. അങ്ങനെ പലരും നിർണ്ണയിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആ ശ്രമത്തിൽ നിന്നാണ് “അനൽ ഹഖും”,“അഹം ബ്രഹ്മാസ്മി”യും ഉടലെടുത്തത്; “വഹ്ദത്തുൽ വുജൂദും”, “അദ്വൈത സിദ്ധാന്ത” വും നിലവിൽ വന്നത്. എന്നാൽ അത്തരം രൂപ നിർണ്ണയങ്ങളെല്ലാം മനുഷ്യന്റെ ഭാവനാ സൃഷ്ടി മാത്രമാണ്. ഖുർആനുമായി അതിനു ബന്ധമൊന്നുമില്ല. എന്നിരുന്നാലും ഒരു സംഗതി തീർച്ച: മനുഷ്യ പുരോഗമനത്തിന്റെ അന്തിമ ലക്ഷ്യം മനുഷ്യന്റെ നാഥനാണ് ! ആകയാൽ പുരോഗതിയിൽ നിന്നും പുരോഗതിയിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്നതായി കാണുന്ന ഈ മനുഷ്യ സൃഷ്ടിയുടെ പ്രോഗ്രാം ഒരാസൂത്രകന്റെ ആ ത്രണ ഫലമാണെന്നും ഖുർആൻ സമിയ്ക്കുന്നു. ഇതിനെ ഖണ്ഡിക്കുവാൻ തക്ക ഒരു തെളിവും നാളിതുവരെ ഒരു ശാസ്ത്രത്തിനും ഉന്നയിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം . ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രകാരന്മാർ ഈവശത്തേക്ക് അടുത്തുവരികയാണ്. അതിലേക്കുള്ള ദൃഷ്ടാന്തമായി ഒന്നു രണ്ടുദ്ധരണികൾ താഴെ കാണിയ്ക്കാം: ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രീയ നിഗമനം ജീവിതം ചലനാത്മകമാണന്നും ആ ചലനത്തിനും ഒരു ലക്ഷ്യം അനിവാര്യമാണെന്നും ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രീയ നിഗമനം സിദ്ധാന്തിക്കുന്നു. ഉദാഹരണമായി, ഒരു ശാസ്ത്രകാരനായ ലിസിലി പൗൽ (Lesli paul) എഴുതുന്നു:

“ഒരു വശത്ത്, ജീവിതം ചലനാത്മക (Dynamic) മാണെന്നും 

സ്വയം നിലനില്പിനും പുരോഗതിയ്ക്കും വേണ്ടി ഒരു പ്രത്യേക ഗതിയിൽ ചലിക്കുകയാണെന്നും പറയുക, അതേ അവസരത്തിൽ, മറുവശത്തു ജീവിതത്തിന്  ഒരു ലക്ഷ്യമില്ലെന്നും വാദിക്കുക. ഇതു യുക്തിക്കു യോജിച്ചതായി തോന്നുന്നില്ല. ജീവിതത്തിന് ഒരു ലക്ഷ്യമില്ലെങ്കിൽപ്പിന്നെ അതിന്റെ ചലന സങ്കല്പം തന്നെ അവശേഷിയ്ക്കുന്നില്ലല്ലോ.” (The meaning of Human Existence) മാഞ്ചസ്റ്റർ യൂനിവേഴ്സിറ്റിയിലെ അനാട്ടോമി പ്രൊഫസർ F. W. Jones അദ്ദേഹത്തിന്റെ (Disign and purpose എന്ന കൃതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു:

“ജീവനുള്ളതോ ജീവനില്ലാത്തതോ ആയ സകല വസ്തുക്കളും, എന്നും വേണ്ട, അഖില പ്രപഞ്ചം തന്നെ ഒരു ലക്ഷ്യത്തോടെയാണ് ചലിച്ചുകൊണ്ടിരിക്കുന്നതു… നാം കടന്നുപോവുന്ന ഈ ചരിത്ര ഘട്ടത്തിൽ വിശേഷിച്ചും, പ്രപഞ്ചമാകുന്ന മഹത്തായ ശൃംഖല അതിനൊരു ലക്ഷ്യമുണ്ടെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഈ ബോധം ഇന്നും ശക്തി യാർജ്ജിച്ചു വരുന്നു.”

ഇതാണ് ഇന്നത്തെ ശാസ്ത്രീയ നിഗമനം. മനുഷ്യൻ മാത്രമല്ല, പ്രപഞ്ചം തന്നെ മഹത്തായ ഒരു ലക്ഷ്യത്തിലേക്കും ത്വരിതഗമനം ചെയ്യുകയാണ്. ഇക്കാര്യം വിശുദ്ധ ഖുർആൻ 1400 സംവത്സരങ്ങൾക്ക് മുമ്പും ഒരു ചിന്താശീലനായ വിശ്വാസിയുടെ ജിഹ്വയിലൂടെ വിശദമായി പ്രഖ്യാപിച്ചതാണ്‌. 

(നാഥാ! ഈ പ്രപഞ്ചത്തെ നീ ഉദ്ദേശ്യ രഹിതമായി സൃഷ്ടിച്ചതല്ല. (അത്തരം വ്യർത്ഥതയിൽ നിന്ന്)  നീ പരിശുദ്ധനാണെന്നു ഞാനിതാ ഏറ്റുപറയുന്നു!)

പ്രപഞ്ചത്തിന്റെ സൗന്ദ്രര്യം  

പ്രപഞ്ച സൃഷ്ടിയുടെ പിറകിൽ ഒരാസൂത്രണം നടന്നിട്ടുണ്ടെന്നതിനു പരിശുദ്ധ ഖുർആൻ ചൂണ്ടിക്കാണിക്കുന്ന മറെറാരു തെളിവ് അതിന്റെ ഹൃദയാവർജ്ജകമായ സൗന്ദര്യമത്രെ. ഏതെങ്കിലും ചില പദാർത്ഥങ്ങൾ കണ്ടമാനം കൂടിച്ചേർന്നു രൂപപ്പെട്ടതാണ് അത്യത്ഭുതമായ ഈ പ്രപഞ്ചമെങ്കിൽ അതിങ്ങനെ സുന്ദരമാകേണ്ടിയിരുന്നില്ല. മഹത്തായ ഈ ബ്രഹ്മാണ്ഡത്തെ വീക്ഷിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടും, ഏതെങ്കിലും തരത്തിലുള്ള ഒരു പ്രപഞ്ചമല്ല, സൗന്ദര്യത്തിന്റെ സർവ്വ  മാനദണ്ഡങ്ങളുമൊത്തിണങ്ങിയ ഒരു മനോഹര പ്രപഞ്ചമാണ് ഇതിന്റെ കർത്താവ് ഉദ്ദേശിച്ചിട്ടുള്ളതെന്ന്

എന്തു മാത്രം സുന്ദരമാണീ പ്രപഞ്ചമെന്നും നോക്കൂ: ജ്യോതിർല്ലോകങ്ങളുടെ അമ്പരപ്പിക്കുന്ന ജാജ്ജ്വല്യമാനത, സൗരയൂഥങ്ങളുടെ സർത്ഥമായ സംവിധാനം, അസ്തമാനസൂര്യന്റെ കണ്ണഞ്ചിക്കുന്ന വർണ്ണപ്പൊലിമ, മാരിവില്ലിന്റെഹൃദയഹാരിയായ നിറപ്പകിട്ട്, ഭൂമിയുടെ ബാലൻസുറപ്പിക്കുന്ന പർവ്വത പംക്തികൾ, പച്ചപ്പരവതാനി വിരിച്ച പുൽമേടുകൾ, ആർത്തലച്ചു കുതിക്കുന്ന അരുവിയാറുകൾ, സുവിശാലവും ഗംഭീരവുമായ പാരാവാരങ്ങൾ, മനം കവരുന്ന തരുലതാദികൾ, സുഗന്ധമാർന്ന പൂവാടികൾ, നാനാ രസദായകമായ ഫലമൂലാദികൾ, മനസ്സിനും ശരീരത്തിനും കുളിരേകുന്ന മന്ദമാരുതൻ! ഹാ ആർക്ക്   വർണ്ണിക്കുവാനൊക്കും, ഈ നിഗൂഢ പ്രപഞ്ചത്തിന്റെ സൗന്ദര്യം?

“അനന്തമജ്ഞാത മവർണ്ണനീയ 

മീ ലോക ഗോളം തിരിയുന്ന മാർഗ്ഗം;

അതിങ്കലെങ്ങാണ്ടൊ രിടത്തിരുന്നു

നോക്കുന്ന മർത്ത്യൻ  കഥ യെന്തു കണ്ടു!!”

(കണ്ണുനീർത്തുള്ളികൾ: നാലപ്പാട്)

അതാണ് ഖുർആൻ പറഞ്ഞതു:

(താൻ സൃഷ്ടിച്ചിട്ടുള്ള എല്ലാ ഓരോന്നിനേയും സുന്ദരമാക്കിയവനത്രെ അല്ലാഹു!)

സൃഷ്ടി നടത്തുന്നവരിൽ ഏറ്റവും സൗന്ദര്യ വിദഗ്ദ്ധനായ അല്ലാഹു അനുഗ്രഹ സമ്പൂർണ്ണനായിരിക്കുന്നു!)

മനുഷ്യനെ അവൻ സൃഷ്ടിച്ചതു സർവ്വോപരി സുന്ദരമായ ഘടനയിലാണ്:

(അത്യന്തം സുന്ദരമായ ഘടനയിലത്രെ മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത്.)

പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും വളർച്ചാ പരിപാടിയേയും സംവിധാന സൗന്ദര്യത്തേയും കുറിച്ച് കൂലങ്കഷമായി ചിന്തിക്കുന്ന ഒരു സാമാന്യബുദ്ധിക്ക്  അതിന്റെ പിന്നിൽ അതിസമർത്ഥമായ ഒരാസൂത്രണവും പ്ലാനിങ്ങും നടന്നിട്ടില്ലെന്നും സങ്കല്പിക്കുവാൻ കഴിയുകയില്ല. അതുതന്നെയാകുന്നു ദൈവാസ്തിക്യത്തിനുള്ള തെളിവും.

(പ്രപഞ്ചത്തിലും മനുഷ്യരിൽതന്നെയും നമ്മുടെ അടയാളങ്ങൾ നാമവർക്ക് കാട്ടിക്കൊടുക്കുന്നതായിരിക്കും. ഇതാണ് പരമസത്യം എന്നു അവർക്ക് ബോധ്യപ്പെടുവാൻ വേണ്ടി!)

(പുതിയ കാവ് ഇൽഫത്തുൽ ഇസ്‌ലാം മദ്റസയിൽ 69 മെയ് 14നു നടന്ന ഇസ്ലാമിക സാംസ്കാരിക സെമിനാറിൽ വായിച്ചത്.)

Leave a comment