സകാത്ത് : സാമൂഹിക സന്തുലിതത്വത്തിന്

ഇസ്ലാം കാര്യങ്ങളിൽ മൂന്നാമത്തേതാണ് സക്കാത്ത്. ഖുർആനിൽ നമസ്കാരത്തെക്കുറിച്ചു പറയുന്ന മിക്ക ആയത്തുകളിലും സകാത്തിനെ നമസ്കാരത്തോട് ചേർത്ത് പറഞ്ഞിരിക്കുന്നു. സകാത് എന്ന പദം 30 പ്രാവശ്യം പറഞ്ഞിരിക്കുന്നതിൽ 27 പ്രാവശ്യം നമസ്കാരത്തോട് ചേർന്ന് പറഞ്ഞിരിക്കുന്നു.
ഇസ്ലാം കാര്യങ്ങൾ അഥവാ ആരാധനാകാര്യങ്ങളായി എണ്ണപ്പെട്ട അഞ്ചെണ്ണത്തിൽ സമുദായം ഏറ്റവുമധികം അവഗണന കാണിക്കുന്ന വിഷയമാണ് സകാത്ത്. ഇസ്ലാമിക വിഷയങ്ങളിൽ ഭൂരിപക്ഷം ആളുകളും അജ്ഞത വച്ചുപുലർത്തുന്ന കാര്യമാണ് സകാത്.സത്യവിശ്വാസികളുടെ ലക്ഷണങ്ങളിലൊന്നായി ഖുർആനിൽ പറഞ്ഞിരിക്കുന്നു (23:4). സ്വർഗ്ഗ പ്രവേശനത്തിനുള്ള നിർബന്ധ ഉപാധികളിലൊന്നായി ഖുർആനിൽ പല സ്ഥലത്തും ആവർത്തിച്ചു പറഞ്ഞിരിക്കുന്നു.( 2:227, 5:12, 4:162).

സക്കാത്ത് നൽകാത്തവരെ മുശ് രിക്കുകളായി അഥവാ ബഹുദൈവവിശ്വാസികളായി ഖുർആൻ വിശേഷിപ്പിക്കുന്നു(41:6-7). സ്വർണ്ണവും വെള്ളിയും സക്കാത്ത് നൽകാതെ സംഭരിച്ച് വച്ചിരിക്കുന്നവരെ അവ നരകത്തീയിലിട്ട് പഴുപ്പിച്ച് നെറ്റിയിലും പാർശ്വങ്ങളിലും മുതുകത്തും പൊള്ളിക്കുമെന്ന് ഖുർആൻ (9 :34, 35). ജന്തുജാലങ്ങൾ ഇല്ലായിരുന്നെങ്കിൽ സകാത് നിഷേധികളായ ജനങ്ങൾക്ക് അല്ലാഹു മഴ വർഷിക്കുമായിരുന്നില്ല* എന്ന് ഹദീസ്.

സകാത്ത് നൽകാത്തവന്റെ സമ്പത്ത് ദരിദ്രന് അവകാശപ്പെട്ട ധനം കലർന്ന് ഹലാൽ അല്ലാതായിത്തീരുന്നു. ആ പണം ഉപയോഗിച്ചുകൊണ്ട് നിർവഹിക്കുന്ന ഹജ്ജ് ഉൾപ്പെടെയുള്ള യാതൊരു സൽക്കർമ്മങ്ങളും അല്ലാഹുവിങ്കൽ സ്വീകാര്യമാവുകയില്ല.
സകാത് ഇല്ലാത്തവന് നമസ്കാരം ഇല്ല എന്ന് ഹദീസ്.* സകാത് നൽകാൻ കഴിവുണ്ടായിട്ടും നൽകാത്തവന്റെ നമസ്കാരം സ്വീകാര്യമല്ലെന്ന് ചുരുക്കം. സകാത്ത് നൽകുന്നവർക്ക് മാത്രമാണ് അല്ലാഹുവിന്റെ പള്ളികൾ പരിപാലിക്കാനുള്ള യോഗ്യതയുള്ളു എന്ന് ഖുർആൻ (9:8).
ഇസ്ലാമിക ഇതര ആരാധനകളെപ്പോലെ സകാത്തും ജമാഅത്തായി അഥവാ സംഘടിതമായിട്ടാണ് നിർവഹിക്കേണ്ടത്.* ഇസ്ലാമിക ഭരണത്തിന്റെ അഭാവത്തിൽ മഹല്ലുകളാണ് അതിന് നേതൃത്വം നൽകേണ്ടത്. അല്ലാത്തപക്ഷം ഇസ്ലാമിക കൂട്ടായ്മകൾക്കും അതിനു നേതൃത്വം നൽകാവുന്നതാണ്.

സകാത് ദരിദ്രന്മാർക്കും അഗതികൾക്കും സകാത്തിനുവേണ്ടി പ്രവർത്തിക്കുന്നവർക്കും മനസ്സുകൾ ഇണക്കിയവർക്കും (പുതുതായി ഇസ്ലാമിൽ വന്നവർക്കും വരാൻ സാദ്ധ്യതയുള്ളവർക്കും) അടിമകളെ മോചിപ്പിക്കാൻ പണം വേണ്ടവർക്കും ദൈവമാർഗ്ഗത്തിൽ വിനിയോഗിക്കാനും കടബാധിതർക്കും വഴിപോക്കർക്കും (നഷ്ടപ്പെട്ട് അലയുന്നവർ) വേണ്ടി മാത്രമാണ് എന്ന് ഖുർആൻ(9:60).

ഇസ്ലാമിക പ്രബോധനം, സമുദായത്തിന് പൊതുവായി ആവശ്യമുള്ള കാര്യങ്ങൾ നിറവേറ്റുക, പoനസഹായത്തിനായി ചെലവഴിക്കുക, അനാധരുടെ ഉന്നമനത്തിനായി ചെലവഴിക്കുക തുടങ്ങിയവയെല്ലാം അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ചെലവഴിക്കലുകളാണ്. സകാത്തിന്റെ അവകാശികളായി ഖുർആൻ എണ്ണിപ്പറഞ്ഞവരൊഴികെയുള്ളവർക്ക് നൽകുന്ന ദാനം സദഖയാണ്. സദഖ നൽകിയതിന്റെ പേരിൽ സകാത് കണക്കിൽ കുറയാതിരിക്കാൻ നാം ശ്രദ്ധിക്കണം. മാതാപിതാക്കൾക്കും പിതാമഹനും പിതാമഹിക്കും മക്കൾക്കും ചെറുമക്കൾക്കും വേണ്ടത്ര വരുമാനമുള്ളവർക്കും നൽകുന്നതും ഭർത്താവ് ഭാര്യക്ക് നൽകുന്നതും സകാത് അല്ല. ഭാര്യയുടെ കൈവശമുള്ള സമ്പത്തിൽ നിന്ന് ഭർത്താവ് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പക്ഷം സകാത് നൽകാം.
വരുമാനമില്ലാതെ ബുദ്ധിമുട്ടുന്ന തൊഴിൽ രഹിതർ, ഗൃഹനാഥന്മാർ എന്നിവർക്ക് സകാത് നൽകുന്നത് അവർക്ക് പറ്റിയ ജീവനോപാധികൾക്ക് (കച്ചവടം, കാലി വളർത്തൽ, പണിയായുധങ്ങൾ, ഓട്ടോറിക്ഷ, സ്വയംതൊഴിൽ സംരംഭങ്ങൾ മുതലായവ) സഹായം നൽകിക്കൊണ്ടാണ് ചെയ്യേണ്ടത്.

സകാത് റംസാൻ മാസത്തിൽ മാത്രം നൽകുന്ന ദാനമായിട്ടാണ് അധികമാളുകളും കാണുന്നത്. എന്നാൽ സമ്പത്തിന്റെ വാർഷികക്കണക്കിന് എപ്പോൾ സമയമാകുന്നുവോ അപ്പോൾ സകാത് നൽകണം. എല്ലാതരം സമ്പത്തിനും സകാത് ബാധകമാണ്. കറൻസി, കാലി സമ്പത്ത്, കാർഷിക വിളകൾ, സ്വർണ്ണം വെള്ളി, കച്ചവട സ്റ്റോക്ക്, ഫാക്റ്ററിയിൽ നിന്നുള്ള വരുമാനം, വാടക വരുമാനം, തുടങ്ങി എല്ലാറ്റിനും.
അടിസ്ഥാന ആവശ്യങ്ങൾ കഴിഞ്ഞ് മിച്ചമുള്ളതിനാണ് സകാത് ബാധകമാകുന്നത്. എന്നാൽ ജീവിത ചെലവിന്റെ പേരിൽ അത്യാഡംഭര വസ്തുക്കൾ വാങ്ങിക്കൂട്ടിയിട്ട് പണം മിച്ചമില്ലാതാവുകയും സകാത് നൽകാൻ കഴിയാതിരിക്കുന്നതും അനുവദനീയമല്ല.


ശമ്പളത്തിന്റെയും കറൻസിയുടെയും സകാത് ജീവിത ചെലവുകൾ കഴിഞ്ഞ് മിച്ചം വരുന്നതിന്റെ 2.5% ആണ്. ജലസേചനത്തിനും വളത്തിനും ചെലവു വന്നിട്ടുള്ള കൃഷിയിലെ കാർഷിക വിഭവങ്ങൾക്ക് 5 %. എന്നാൽ പരിപാലന ചെലവോ ജലസേചനമോ വളമോ ചെയ്യാതെ വളർന്നതാണെങ്കിൽ (ഉദാഹരണം: തേക്ക്, ആഞ്ഞിലി, ചക്ക, മാങ്ങ, സപ്പോട്ട തുടങ്ങിയവ) 10% സകാത് നൽകണം. കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്താലും ഇതുതന്നെയാണ് സകാതിന്റെ തോത്.


സ്വർണ്ണം കൈവശമുള്ളവർ 85 ഗ്രാമിൽ കുറവാണെങ്കിൽ സകാത് നൽകേണ്ടതില്ല. 85 ഗ്രാമിൽ കൂടുതൽ ഉള്ള സ്വർണ്ണത്തിന്റെ മാർക്കറ്റ് വില കണക്കാക്കി അതിന്റെ 2.5% സകാത് നൽകണം. വെള്ളി കൈവശമുള്ളവർ 595 ഗ്രാം വരെയുള്ളതിന് സകാത് നൽകേണ്ടതില്ല. അധികം ഉള്ളതിന്റെ മാർക്കറ്റ് വിലയുടെ 2.5% നൽകണം. കച്ചവടക്കാർ ഒരു വർഷം തികയുമ്പോൾ കൈവശമുള്ള സ്റ്റോക്കിന്റെ 2.5% കൊടുക്കണം നിലവിലുള്ള സ്റ്റോക്കിൽ കടമായി വാങ്ങിയത് ഒഴിവാക്കുകയും മറ്റുള്ളവർക്ക് കടമായി നൽകിയത് കൂട്ടുകയും ചെയ്തതിന്റെ 2.5% ആണ് കണക്കാക്കേണ്ടത്. ഒരാളുടെ പുരയിടത്തിൽ നിന്ന് ഖനിജസമ്പത്ത് (മണൽ, മണ്ണ്, രത്നം, നിധിശേഖരം, ധാതുക്കൾ മുതലായവ ലഭിക്കുന്നുവെങ്കിൽ അതിന് 2.5% മുതൽ 20% വരെയാണ് സകാത്. അവക്ക് ഒരുപാട് മനുഷ്യാധ്വാനവും പണച്ചെലവുമുണ്ടെങ്കിൽ 2.5 ശതമാനവും ഇല്ലെങ്കിൽ 20 ശതമാനവുമാണ്. വീട്ടുപുരയിടം കൃഷിസ്ഥലം എന്നിവക്ക് സകാത് ഇല്ല. എന്നാൽ വിൽപ്പനക്കുള്ള ഭൂമി, വിൽപനക്കായി നിർമ്മിച്ച വീട് എന്നിവയുടെ മാർക്കറ്റ് വില നിശ്ചയിച്ച ശേഷം 2.5% കൊടുക്കണം.

Leave a comment