(പ്രബോധനം 1962 നവമ്പർ)
പരിശുദ്ധ ഇസ്ലാമിന്റെ സർവ്വപ്രധാനമായ മൂല തത്വമാകുന്നു, ‘തൗഹീദ്’, അഥവാ ഏകദൈവ വിശ്വാസം. ദൈവം ഒരുത്തനേയുള്ളൂ; അവൻ്റെ അധികാരത്തിലോ അവകാശത്തിലോ അവനൊരു കൂട്ടുകാരനില്ല, തത്തുല്യനുമില്ല. ഈ തത്വം മാത്രമാണ് ഇസ്ലാം അംഗീകരിച്ചിട്ടുള്ളത്. നിരീശ്വരവാദവും ബഹുദൈവവാദവും ഇസ്ലാമിന്റെ ദൃഷ്ടിയിൽ മിഥ്യയാണ്; അസത്യമാണ്.
പ്രവാചകന്മാർ ഒറ്റപ്പാർട്ടി
ഈ ലോകത്ത്, വിവിധ കാലഘട്ടങ്ങളിലും വിവിധ ദേശങ്ങളിലും വിവിധ ഭാഷകളിലുമായി, ലക്ഷത്തിൽപരം പ്രവാചകന്മാർ ദൈവത്താൽ നിയുക്തരായിട്ടുണ്ട് ഇവരിൽ ചിലരുടെ കഥ പരിശുദ്ധ ഖുർആൻ നമുക്കു വിവരിച്ചുതന്നിരിക്കുന്നു. പലരുടെയും കഥ പരിശുദ്ധ ഖുർആൻ നമുക്കു അറിയിച്ചിട്ടില്ല. എന്നിരുന്നാലും അവരെല്ലാം ഏക ദൈവ തത്ത്വമാണ് താന്താങ്ങളുടെ ജനതതികൾക്കുദ്ബോധിപ്പിച്ചതെന്നു ഖുർആൻ തീർത്തും പറയുന്നു. അതിനാൽ പ്രവാചകന്മാരെല്ലാം ഒറപ്പാർട്ടിയായിരുന്നു, നിസ്സംശയം.
അതിപ്രാക്തനകാലം മുതലേ സംസ്കാര നാഗരികതയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നല്ലോ നമ്മുടെ ഭാരതം. ഇവിടെയും ദൈവദൂതൻ, അഥവാ ദൈവ ദൂതന്മാർ വന്നിരിയ്ക്കണം എന്ന നിഗമനത്തെ ഉപോൽബലപ്പെടുത്തുകയാണ് വിശുദ്ധ ഖുർആൻ ചെയ്യുന്നത്.
നാം എല്ലാ ഓരോ ജനസമുദായത്തിലും ദൂതനെ നിയോഗിച്ചിട്ടുണ്ട്. ‘അല്ലാഹുവിനു അടിമപ്പെടുക, ‘താഗൂത്തി’നെ മിഥ്യാദൈവത്തെ പരിത്യജിക്കുക’ (എന്നതായിരുന്നു അവരുടെ ദൌത്യം).” (16: 36)
“ഒരു മുന്നറിയിപ്പുകാരൻ – പ്രവാചകൻ കഴിഞ്ഞു പോയിട്ടില്ലാത്ത ഒറ്റ സമുദായവുമില്ല.” (35: 24)
എന്നാൽ ഇന്ത്യയിൽ ആഗതനായ പ്രവാചകൻ ആരെന്നും അദ്ദേഹത്തിന്റെ യഥാർത്ഥ ചരിത്രമെന്തെന്നും തിട്ടപ്പെടുത്തിപ്പറവാൻ തക്ക തെളിവൊന്നും നമ്മുടെ വശമില്ല. ശ്രീകൃഷ്ണനും ബുദ്ധനുമൊക്കെ വാസ്തവത്തിൽ ദൈവത്താൽ നീയുക്തരായ പ്രവാചകന്മാരായിരിക്കാവുന്നതാണ്. എന്നാൽ ആണെന്നുറപ്പു തരുന്ന ചരിത്രരേഖകളൊന്നും ഇല്ല. നിലവിലുള്ള പുരാണങ്ങളും ഐതിഹ്യങ്ങളും ഇതിഹാസങ്ങളുമാണങ്കിൽ, അവർ ദൈവദൂതന്മാരാണെന്നതോ പോകട്ടെ, നല്ല മനുഷ്യരാണെന്നു പോലും കുറിക്കുന്നവയല്ല. “കണ്ണൻ* എന്നു പേരുള്ള കറുത്ത പ്രവാചകൻ ഇന്ത്യയിലുണ്ടായിരുന്നു” എന്ന അർത്ഥത്തിൽ ഒരു ഹദീസുണ്ടെങ്കിലും ഹദീസുനിരൂപണശാസ്ത്രദൃഷ്ട്യാ കേവലം ദുർബലമാണത്. അതു കൊണ്ടുതന്നെ തിരസ്കൃതവും. എന്നിരുന്നാലും കൃഷ്ണനും ബുദ്ധനും പ്രവാചകന്മാരായിരുന്നുവെന്നും സാക്ഷാൽ തൗഹീദിലേയ്ക്കാണ് അവർ ജനങ്ങളെ ക്ഷണിച്ചിരുന്നതെന്നും കാലാന്തരത്തിൽ, തങ്ങളുടെ അനുയായികൾ അതിരുകവിഞ്ഞ ഭക്തിപാരവശ്യത്തിന്റെ പേരിൽ ആ മഹാപുമാന്മാരെ ദൈവങ്ങളും ദൈവാവതാരങ്ങളുമാക്കി വച്ചതാണെന്നും അനുമാനിയുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല. ഹ: ഈസാ(അ)യുടെ അനുയായികൾ ആ മഹാത്മാവിനെ ഒരു ദൈവമായോ ദൈവപുത്രനായോ സങ്കല്പിച്ചു ആരാധിച്ചതു അദ്ദേഹത്തിന്റെ സാക്ഷാൽ ശിക്ഷണശീലനങ്ങൾക്കു വിപരീതമായിട്ടായിരുന്നുവെന്നു അന്ത്യപ്രവാചകനും വിശുദ്ധ ഖുർആനും നമുക്കു അറിയിച്ചുതന്നു. ഇതുപോലെ കൃഷ്ണനും ബുദ്ധനും ദൈവങ്ങളായി ആരാധിയ്ക്കപ്പെട്ടു വന്നതും ആ മഹാപുരുഷന്മാരുടെ സാക്ഷാൽ ശിക്ഷണശീലനങ്ങൾക്കു വിപരീതമായിട്ടാണെന്നു വരാം. ഇവരെ ചുറ്റിപ്പറ്റി ഉയർന്നുവന്നിട്ടുള്ള കഥകളും ഐതിഹ്യങ്ങളും തീരെ അടിസ്ഥാനരഹിതങ്ങളുമാവാം ഇതു തെളിയിക്കേണ്ടതു ആധുനിക ചരിത്രഗവേഷകന്മാരാണ്. എന്നാൽ നിലവിലുള്ള ഐതിഹ്യങ്ങളും ഇതിഹാസങ്ങളും വെച്ചു നോക്കുമ്പോൾ അവരുടെ വ്യക്തിത്വങ്ങൾക്കു ദൈവ നിയുക്തരായ പ്രവാചകന്മാരുടെ വ്യക്തിതങ്ങളുമായി വിദൂരബന്ധം പേലുമില്ല.
* ശ്രീകൃഷ്ണൻ സാക്ഷാൽ നാമം കണ്ണൻ എന്നായിരുന്നു.
തെളിവുകൾ പ്രാപഞ്ചികവും മാനുഷികവും
പ്രവാചകന്മാർ തങ്ങളുടെ ജനതതികളെ ഏകദൈവത്തിലേയും ക്ഷണിച്ചിരുന്നത് യുക്തിയുക്തങ്ങളായ തെളിവുകൾ നിരത്തിവെച്ചുകൊണ്ടായിരുന്നു. അന്ത്യ പ്രവാചകരായ മുഹമ്മദുനബി (സ) യും അദ്ദേഹത്തിനവതരിച്ച വിശുദ്ധ ഖുർആനും ഏക ദൈവ വിശ്വാസത്തിലേയും ലോകത്തെ വിളിക്കുന്നതും അത്തരം തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെ. വിശുദ്ധഖുർആനിൽ ധാരാളം തെളിവുകളുദ്ധരിച്ചു കാണിച്ചിട്ടുണ്ട്. മൊത്തത്തിൽ അവയെ രണ്ടായി വിഭജിയ്ക്കാം. പ്രാപഞ്ചികം; മറ്റേതു മാനുഷികം.
(പ്രപഞ്ചത്തിലും അവരിൽ തന്നെയും നമ്മുടെ അടയാളങ്ങൾ തെളിവുകൾ നാമവർക്കു കാട്ടിക്കൊടുക്കുന്നതായിരിക്കും. ഇതാണ് പരമ സത്യം എന്നു അവർക്ക് ബോധ്യപ്പെടുവോളം. 41: 53)
(ദൃഢവിശ്വാസികൾക്കു ഭൂമിയിൽ ധാരാളം അടയാളങ്ങളുണ്ട്. നിങ്ങളിൽ തന്നെയുമുണ്ട്. എന്നിട്ടും നിങ്ങൾ കാണുന്നില്ലയോ? ആകാശത്തിൽ നിങ്ങളുടെ ഉപജീവനമുണ്ട്; നിങ്ങൾക്ക് താക്കീതു നല്കിക്കൊണ്ടിരിക്കുന്ന ശിക്ഷയുമുണ്ട്. ആകാശഭൂമികളുടെ (പ്രപഞ്ചത്തിന്റെ) നാഥനാണ്, സത്യം: തീർച്ചയായും ഒരു യാഥാത്ഥ്യമാണിത്, നിങ്ങൾ സംസാരിക്കുന്നുവെന്നപോലെ തന്നെ. 51:20-23)
പ്രാപഞ്ചിക തെളിവെന്നു വെച്ചാൽ പ്രപഞ്ച ഘടനയിൽ കാണുന്ന വ്യവസ്ഥ, ഓരോ പ്രാപഞ്ചികവസ്തുവും സനിഷതർഷം പാലിച്ചുവരുന്ന പ്രകൃതി നിയമങ്ങൾ, പ്രപഞ്ചത്തിന്റെ സംഭവവികാസങ്ങളിലും ജനസമുദായങ്ങളുടെ ഉത്ഥാനപതനങ്ങളിലും പ്രവർത്തിക്കുന്ന നീതികൾ ഇതൊക്കെയാണ് വിവക്ഷ. ഇവ പ്രപഞ്ചത്തിനു ഒരു കർത്താവുണ്ടെന്നും അവൻ ഏകനാണെന്നും സകല ഉൽകൃഷ്ടഗുണങ്ങളുടെയും ഉടമസ്ഥനാണെന്നും സാക്ഷ്യം വഹിക്കുന്നു. പ്രപഞ്ചത്തിൽ പ്രതിനിമിഷം നാം കണ്ടു കൊണ്ടിരിക്കുന്ന സംഭവഗതികളെല്ലാം സർവ്വാധിപതിയായ ഒരേകദൈവത്തിന്റെ സദ്ഗുണങ്ങളുടെ പ്രതിഭാസങ്ങൾ മാത്രമാകുന്നു.
മാനുഷിക തെളിവുകൊണ്ടുള്ള വിവക്ഷ മനുഷ്യന്റെ അന്തരംഗത്ത് പ്രകൃതി നിക്ഷേപിച്ചിട്ടുള്ള ദൈവികാടയാളങ്ങൾ, അതേ, മനുഷ്യൻ സഹജാവബോധവും, അവന്റെ ഉള്ളിലനുഭവപ്പെടുന്ന ശൂന്യതയും ദൈവാവലംബം കൊണ്ടുള്ള അതിന്റെ പൂരണവും, പ്രകൃത്യായുള്ള ധർമ്മാധർമ്മബോധവും മറ്റും ആകുന്നു. ഇവയുടെ ചില വശങ്ങൾ തികച്ചും സുവ്യക്തമാണെങ്കിൽ ചിലത് തുലോം അവ്യക്തവുമാണ് എന്നാൽ വിവിധ പരീക്ഷണങ്ങൾ വഴി അവയെക്കുറിച്ച് മനുഷ്യനെ പ്രകൃതി ഉണർത്തിക്കൊണ്ടിരിക്കുന്നുണ്ട് ഇനി പ്രസ്തുത രണ്ടു തെളിവുകൾക്കും ചില ഉദാഹരണങ്ങൾ എടുത്തുദ്ധരിയ്ക്കാം.
സൗന്ദര്യം
(ഏറ്റവും സുന്ദരമായി സൃഷ്ടിച്ച അല്ലാഹു അനുഗ്രഹമുള്ളവനായിരിക്കുന്നു. 22:14)
(താൻ സൃഷ്ടിച്ച എല്ലാ ഓരോന്നും സുന്ദരമാക്കിയവനത്രെ അല്ലാഹു. 32: 1)
(ഏറ്റവും സുന്ദരമായ ഘടനയിലാണ് മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത്. 95: 4)
തന്റേടമുള്ള ഒരു മനുഷ്യൻ പ്രപഞ്ചത്തെ അഭിവീക്ഷിക്കുമ്പോൾ ഒന്നാമതായി അവനെ ആ ആകർഷിക്കുന്നതു അതിന്റെ കലാസുഭഗതയാണ്. ഏതൊരു കോണിലും നമുക്കീ സർഗ്ഗ സൗന്ദര്യം ദൃശ്യമാവുന്നു. മനുഷ്യനിലാണെങ്കിൽ പ്രത്യേകിച്ചും. ഇത് കുറിയുന്നുണ്ട്, അതിസമർത്ഥമായ ഒരു പ്ലാൻ പ്രപഞ്ചസൃഷ്ടിയുടെ പിന്നിൽ നടന്നിട്ടുണ്ടെന്നു. കണ്ടമാനം വലിഞ്ഞുകൂടിയ വിവിധ ശകലങ്ങളുടെ ഒരു കലവറയല്ല പ്രപഞ്ചം അതിസമർത്ഥവും അവഗാഹവുമായ യുക്തിബോധത്തിന്റെ പ്രതിഭാസം മാത്രമാണ്. ഏതെങ്കിലും തരത്തിൽ ഒരാകാശമോ ഭൂമിയോ ഉണ്ടാവാമെന്നു സങ്കൽപ്പിച്ചാൽ തന്നെ ജ്യോതിർഗ്ഗോളങ്ങളുടെ അമ്പരിപ്പിക്കുന്ന ജാജ്ജ്വല്യമാനത, സൗരയൂഥത്തിന്റെ അതിവിദഗ്ദ്ധമായ സംവിധാനം, ആസ്തമാനസമയത്തെ ആർഷകമായ വർണ്ണപ്പൊലിമ, മാരിവില്ലിൻറ ചേതോഹരമായ നിറപ്പകിട്ട്, ഭൂമിയിലെ മനം കവരുന്ന പൂങ്കാവനങ്ങൾ, അതിന്റെ ബാലൻസുറപ്പിക്കുന്ന ഭീമാകാരങ്ങളായ പർവ്വതപക്തികൾ, കണ്ണഞ്ചിക്കുന്ന മലയോരങ്ങൾ അതിവിശാലമായ പാരാവാരങ്ങൾ, ആർത്തലച്ചു കുതിക്കുന്ന നദികൾ, ഹൃദയഹാരിയായ തരുലതാദികൾ, വർണ്ണ ശബളമായ തോട്ടങ്ങൾ, സുരഭിലങ്ങളായ പുവാടികൾ, നാനാരസദായകങ്ങളും വിവർണ്ണങ്ങളുമായ ഫലമൂലാദികൾ, മനസ്സിനും ശരീരത്തിന്നും ഒരേ അവസരത്തിൽ കുളിരേകുന്ന മന്ദാനിലൻ ഇങ്ങിനെ സംഖ്യാതീതങ്ങളായ വസ്തുക്കളാലംകൃതമായിരിക്കുന്ന ഈ അത്ഭുത പ്രപഞ്ചമൊരിയ്ക്കലും സ്വയംഭൂവല്ലതന്നെ!. ആന്തരദൃഷ്ടിയ്ക്ക് അന്ധത ബാധിച്ചവർക്കല്ലാതെ അങ്ങനെയൊരു വിഭാവനം സാധ്യവുമല്ല ഖുർആൻ ചോദിക്കുന്നു:
(അവരുടെ ഉപരിഭാഗത്തുള്ള ആകാശത്തേക്ക് അവരൊന്നു നോക്കിയില്ലയോ? എങ്ങനെയാണ് നാമത് നിർമ്മിച്ചലങ്കരിച്ചിരിക്കുന്നത്! ഒരു തരത്തിലും വിള്ളലുകൾ അതിന്നില്ല. നാം ഭൂഗോളത്തെ വിതാനിയുകയും അതിൽ കീലകങ്ങൾ (മലകൾ) ഇട്ടുറപ്പിക്കുകയും മനോഹരമായ എല്ലാ ഓരോ ഇണയെയും അങ്കുരിപ്പിക്കുകയും ചെയ്തിരിക്കുന്നു. ദൈവാവലംബിയായ എല്ലാ ഓരോ അടിമക്കും ആന്തരദൃഷ്ടിയും ഉദ്ബോധനവും നല്കുവാനായിട്ടത്രെ അത്. 50: 6, 7)
(ആകാശഭൂമികൾ ഒട്ടിപ്പിടിച്ചതായിരുന്നു, പിന്നീട് നാമവരെ പിളർന്നതാണ് എന്നു അവിശ്വാസികൾ കണ്ടില്ലയോ? ജീവനുള്ള എല്ലാ ഓരോ വസ്തുവിനെയും ജലത്തിൽ നിന്നാണ് നാമുണ്ടാക്കിയത്. എന്നിട്ടും അവർ വിശ്വസിക്കാത്തതെന്ത്? ഭൂമിയിൽ നാം കീലകങ്ങൾ (പർവ്വതങ്ങൾ) ഉണ്ടാക്കിവച്ചു, നിങ്ങളെ അത് കുലുക്കി തെറിപ്പിക്കാതിരിക്കാൻ നാമത്തിൽ ചില മലയിടുക്കുകൾ വഴിത്താരകൾ ഉണ്ടാക്കിവച്ചിരിക്കുന്നു, നിങ്ങൾക്കു നേർവഴി കണ്ടെത്തേണ്ടത്തിന് ആകാശത്തെ നാമൊരു സുഭദ്ര മേൽക്കൂരയാക്കിയിരിക്കുന്നു. അവരാകട്ടെ, നമ്മുടെ ഈ അടയാളങ്ങളെ അഗണ്യമാക്കിത്തള്ളുകയാണ്. രാപ്പകലുകളെയും സൂര്യചന്ദ്രന്മാരെയും ഉണ്ടാക്കിയതും അവൻ തന്നെ. അവയോരോന്നും ഓരോ ഭ്രമണ പഥത്തിൽ നീന്തുകയാണ് 21: 30-33)
ഭൂമിയും സൂര്യനും ആദിയിൽ ഒന്നായിരുന്നുവെ അന്നും പിന്നീടു ഒരു പ്രത്യേക സാഹചര്യത്തിൽ ഭൂമി വേർപ്പിരിഞ്ഞതാണെന്നും സകല ജീവികളുടെയും ഉല്പത്തി ജലത്തിൽ നിന്നാണെന്നും ആധുനിക വിജ്ഞാനീയം സമർത്ഥിക്കുന്നു. ഇവിടെ നമ്മുടെ പ്രതിപാദ്യം അതല്ല. പ്രാപഞ്ചിക വസ്തുക്കളുടെ സംവിധാനത്തിൽ ദീക്ഷിയ്ക്കപ്പെട്ട സൗന്ദര്യബോധവും യുക്തിവൈഭവവുമാണ്. ഇത്രയും സുന്ദരമായി, ഇത്രയും യുക്തിദീക്ഷയോടെ നടന്ന ഈ സംവിധാനത്തിനു പിന്നിൽ ഒരു സ്വതന്ത്രച്ഛയുടെ പ്രവർത്തനമുണ്ടായിട്ടുണ്ടെന്നു സമ്മതിച്ചേ തീരൂ.
പരസ്പര രഞ്ജിപ്പ്
പ്രാപഞ്ചിക വസ്തുക്കളെല്ലാം വളരെ രഞ്ജിപ്പോടും പൊരുത്തത്തോടും കൂടിയാണ് വർത്തിയ്ക്കുന്നത്. അല്ലായിരുന്നുവെങ്കിൽ ഇവിടെ ജീവിതം അസാദ്ധ്യമായേനെ. രാപ്പകലുകൾ കൃത്യസമയത്ത് ഗമാഗമം ചെയ്യുന്നു. സമുദ്രജലത്ത പിളർന്ന് മനുഷ്യരെയും മനുഷ്യന്റെ ജീവിതോപാധികളെയും വഹിച്ചുകൊണ്ടു കപ്പലുകൾ ഓടുന്നു. കാറ്റ് അതിന്റെ ഗതിക്കൊത്ത് സഞ്ചരിക്കുന്നു. സമുദ്ര ജലം നീരാവിയായുർന്നു കാർമേഘങ്ങളായി വായുവിന്റെ സഹായത്തോടെ ഒരിടത്തൊത്തുകൂടി മഴ വഷിപ്പിക്കുകയും അങ്ങനെ ഭൂമിയെ സസ്യശ്യാമളമാക്കുകയും അനന്തകോടി ജീവികൾ തദ്വാരാ ഭൂമുഖത്ത് ജീവിച്ചുപോരുകയും ചെയ്യുന്നു. ഇതെല്ലാം പ്രകൃതിവസ്തുക്കൾ തമ്മിലുള്ള മമതയെയും രഞ്ജിപ്പിനെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്. പ്രകതിവ്യവസ്ഥിതി ഏകമാണെന്നും അതു കുറിക്കുന്നു. ഖുർആൻ പറയുന്നു:
(നിങ്ങളുടെ ദൈവം ഏകദൈവമത്രെ. പരമകാരുണികനും കരുണാനിധിയുമായ അവനല്ലാതെ ദൈവമില്ല. ആകാശഭൂമികളുടെ സൃഷ്ടിയിൽ, രാപ്പകലുകൾ മാറി മാറി വരുന്നതിൽ, മനുഷ്യരാശിക്ക് പ്രയോജനകരമായ ചരക്കുകൾ വഹിച്ചു സമുദ്രത്തിൽ സഞ്ചരിക്കുന്ന കപ്പലിൽ, അല്ലാഹു ആകാശത്തു നിന്നും മഴവർഷിപ്പിച്ച്, അതുവഴി ഭൂമിയെ അതിന്റെ നിർജ്ജീവാവസ്ഥയ്ക്കു ശേഷം പുനർജ്ജീവിപ്പിക്കുകയും അതിൽ എല്ലാതരം ജീവജാലങ്ങളെയും വ്യാപിപ്പിക്കുകയും ചെയ്തതിൽ, കാറ്റിനെ തിരിച്ചുവിടുന്നതിൽ, ആകാശഭൂമികൾക്കിടയിൽ നിയന്ത്രിക്കപ്പെട്ട മേഘത്തിൽ ഇതിലെല്ലാം ചിന്തിക്കുന്ന ജനതയ്ക്ക ധാരാളം അടയാളങ്ങളുണ്ട്, തീർച്ച! 2: 163, 164)
(നിങ്ങൾക്ക് തീർച്ചയായും വലിയൊരു പാഠമുണ്ട്, കാലികളിൽ. അവയുടെ വയറ്റിലെ ചാണകത്തിന്റെയും രക്തത്തിന്റെയും ഇടയിൽനിന്നു, പാനം ചെയ്യുന്നവർക്കു തുലോം ഹൃദ്യമായ നറുംപാൽ നാം നിങ്ങൾക്ക് കുടിപ്പിക്കുന്നു. ഈത്തപ്പനയുടെയും മുന്തിരിവള്ളിയുടെയും ഫലങ്ങളിൽനിന്നു ലഹരിയും നല്ല ആഹാരവും നിങ്ങൾ തയ്യാർ ചെയ്യുന്നു. അതിലൊക്കെ ചിന്തിക്കുന്ന ജനതക്ക് തീർച്ചയായും അടയാളമുണ്ട്. താങ്കളുടെ നാഥൻ തേനീച്ചക്ക് ബോധനം ചെയ്തു, മലകളിലും മരങ്ങളിലും അവർ പന്തലിട്ടു പടർത്തുന്ന വള്ളികളിലും കൂടുകകൾ കെട്ടുക; എന്നിട്ട് എല്ലാത്തരം പഴരസങ്ങളും ഭുജിക്കുക; നിന്റെ നാഥൻ (പ്രകൃതിനിയമ) മാർഗ്ഗങ്ങളിൽ അനുസരണശീലത്തോടെ പ്രവേശിക്കുക എന്നു. അതിൻറ വയറ്റിൽനിന്നു വർണ്ണവൈവിധ്യമുള്ള പാനീയം പുറത്തു വരുന്നു. ആയതിൽ ജനങ്ങൾക്ക് ഒരൗഷധവീര്യമുണ്ട്. ആലോചിക്കുന്ന ജനതയ്ക്ക് തീച്ചയായും ഇതിലൊരടയാളമുണ്ട്. 16:66-63)
പ്രകൃതിവ്യവസ്ഥയിലുള്ള അനുരഞ്ജനത്തെയാണ് ഇവിടെയും എടുത്തുകാണിച്ചിട്ടുള്ളത്. ഇനി വൈരുദ്ധ്യങ്ങളിലുള്ള ഏകത്വവും വൈചിത്ര്യവും കാണുക:
നാനാത്വത്തിൽ ഏകത്വം
(രണ്ടു നദികൾ തമ്മിൽ സമമല്ല. ഇതിലെ പാനീയം സ്വച്ഛവും രുചികരവും ഹൃദ്യവും. അതിലെ പാനീയമോ, ഉപ്പിച്ചതും തിക്തവും. നിങ്ങൾ രണ്ടിൽ നിന്നും നറുമാംസം ഭക്ഷിക്കുകയും നിങ്ങൾകണിയുവാനുള്ള ആഭരണം പുറത്തെടുക്കുകയും ചെയ്യുന്നു. അതിൽ കീറിപ്പായുന്ന കപ്പൽ കാണാം, അല്ലാഹുവിന്റെ ഔദാര്യം അന്വേഷിക്കുവാനും അവനു നന്ദി കാണിക്കാനുമാണ് (അങ്ങനെ നാം ചെയ്തിട്ടുള്ളത്). അവൻ രാവിനെ പകലിൽ പ്രവേശിപ്പിക്കുന്നു, പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും നിയന്ത്രണാധീനമാക്കിവച്ചിരിക്കുന്നു. ഓരോന്നും ഒരു നിശ്ചിതാവധിവരെ ചലിക്കുന്നു. അവനത്രെ നിങ്ങളുടെ നാഥനായ അല്ലാഹു. അവനുള്ളതാണ് ആധിപത്യം! 35: 12, 13)
ഉപ്പുവെള്ളമുള്ള സമുദ്രവും സ്വച്ഛജലമുള്ള നദിയും തമ്മിൽ എത്രവലിയ വൈരുദ്ധ്യമുണ്ട്. എന്നിട്ടും രണ്ടും തമ്മിൽ കൂടിച്ചേരുകയും ഒരേ ലക്ഷ്യസിദ്ധിക്കുള്ള മാർഗ്ഗമായി നിലകൊള്ളുകയും ചെയ്യുന്നു. രണ്ടിൽ നിന്നും മനുഷ്യൻ തന്റെ ആഹാരം (മത്സ്യം) നേടിയെടുക്കുന്നു. അലങ്കാരസാമഗ്രിയായ മുത്തും സമ്പാദിക്കുന്നു. ഉപജീവനമന്വേഷിച്ചു അവൻ കടലിനെ പിളർന്നു കുതിക്കുന്ന കപ്പലിൽ യാത്രചെയ്യുന്നു. ഇതുപോലെ രാത്രിയുടെ അന്ധകാരവും പകലിലെ പ്രകാശവും തമ്മിൽ എന്തുമാത്രം അന്തരമുണ്ട്? എന്നിട്ടും തികഞ്ഞ രഞ്ജിപ്പോടും മമതയോടും കൂടിയാണ് അവ സ്ഥിതി ചെയ്യുന്നത്. ഒരു പോറ്റമ്മയെപ്പോലെ ഈ പഞ്ചത്തിന്റെ വളർച്ചക്കും ജീവജാലങ്ങളുടെയും സസ്യലതാദികളുടെയും നിലനില്പിനും വേണ്ടി അവ സേവനമനുഷ്ഠിക്കുന്നു. പകലോൻ പകലിലും നീശാപതി നിശയിലുമാണ് ഉദയം ചെയ്യുന്നത്. പ്രത്യക്ഷത്തിൽ അവ തമ്മിൽ വൈരാഗ്യമുണ്ടെന്നു തോന്നാം. പക്ഷെ ഈ ലോകത്തിന്റെ അസ്തിത്വം അവയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഇതൊന്നും ആകസ്മികമല്ല, തികച്ചും ആസൂത്രിതമാകുന്നു. ഇനിയും നോക്കുക:
(പച്ചമരത്തിൽ നിന്നും തീയുണ്ടാക്കിയത് അവനത്രെ. 36: 80)
(അവൻ ജീവിയെ നിർജ്ജീവിയിൽനിന്നു ബഹിഗ്ഗർമിപ്പിക്കുന്നു. നിർജ്ജീവിയെ ജീവിയിൽ നിന്നും ബഹിർഗ്ഗമിപ്പിക്കുന്നു. 30: 19)
ഏകത്വത്തിൽ നാനാത്വം
നാനാത്വത്തിൽ ഏകത്വം എന്ന പോലെ ഏകത്വത്തിൽ നാനാത്വവും നാം കാണുന്നുണ്ട്. പ്രപഞ്ചം ആദിയിൽ ലളിതമായിരുന്നെന്നും പിന്നീടു പടിപടിയായി സങ്കീർണ്ണതയിലേക്ക് പരിണമിച്ചതാണെന്നും സയൻസു പറയുന്നു. ഇത് സത്യമാണെങ്കിൽ ഇതിനെ നിഷേധിക്കാൻ യാതൊരു നായവുമില്ല. ഇതിനു ഒരു കർത്താവുണ്ടായേ തീരൂ, ഒന്നിനെ രണ്ടായും രണ്ടിനെ നാലായും വളർത്തിക്കൊണ്ടുവന്ന കർത്താവു ഭൂമിയും വെള്ളവും വായുവുമൊക്കെ. ഓരോ ഏകകങ്ങളാണ്. എന്നാൽ അവയാൽ സംജാതമാവുന്ന സസ്യലതാദികളും പുഷ്പഫലാദികളും അനേകമത്രെ. ഒരേ ബീജത്തിൽനിന്നു ചിലപ്പോൾ ഒരു തടിയും ചിലപ്പോൾ ഒന്നിലധികം തടികളും പ്രാദുർഭവിക്കുന്നു. അവയിൽ നിന്നോ, വിവിധ ശാഖകളും ചില്ലകളും പുഷ്പങ്ങളും ഫലങ്ങളും. എല്ലാം ഒരേ വെള്ളവും ഒരേ വായുവും ഒരേ വെളിച്ചവുമാണ് ഉൾക്കൊള്ളുന്നത്. എന്നിട്ടും ചിലതു ചിലതിനെ അപേക്ഷിച്ചു മേത്തരമായിത്തീരുന്നു.
(ഭൂമിയിൽ തൊട്ടുതൊട്ടുകിടക്കുന്ന വിവിധ ഖണ്ഡങ്ങളുണ്ട്; മുന്തിരിത്തോട്ടങ്ങളും വയലുകളും ഒറ്റയും ഇരട്ടയുമായുള്ള ഇത്തപ്പനത്തടികളുമുണ്ട്. എല്ലാം ഒരേ വെള്ളംകൊണ്ടു നനയ്ക്കപ്പെടുന്നു. എന്നിട്ടും അവയിൽ ചിലതിന്റെ വിഭവങ്ങളെ ചിലതിന്റെതിനേക്കാൾ നാം വ്യത്യാസപ്പെടുത്തുന്നു. ഇതിലൊക്കെ ചിന്തിക്കുന്ന ജനതക്ക് ധാരാളം തെളിവുകളുണ്ട്. 13:4)
അടുത്തടുത്തു സ്ഥിതിചെയ്യുന്ന ഭൂഖണ്ഡങ്ങൾ തമ്മിൽ തന്നെ വമ്പിച്ച വൈവിധ്യവും അന്തരവും കാണാം. രൂപത്തിൽ, വർണ്ണത്തിൽ, ചേരുവയിൽ, സവിശേഷതയിൽ, ശക്തിയിൽ, ഉല്പാദന കഴിവിൽ, ഉല്പന്നത്തിൽ, രാസക്രിയയിൽ, നിക്ഷേപങ്ങളിൽ അങ്ങനെ പലതിലും അവ പരസ്പരം വ്യത്യസ്തങ്ങളായിരിക്കും. ഇതുപോലെ ഒരേ തോട്ടത്തിലുള്ള മുന്തിരിവള്ളികളും ഈത്തപ്പനകളും തമ്മിലും വൈവിധ്യമുണ്ടാവും. എല്ലാം ഒരേ ജലമാണ് കുടിക്കുന്നത്. എന്നിട്ടും അവയുടെ നാനാതരങ്ങളായി കാണപ്പെടുന്നു. ഈ നാനാത്വ ജീവജാലങ്ങളെ സംബന്ധിച്ചിടത്തോളം അതീവ പ്രയോജനകരമാണ്. ഇതുവഴി മനുഷ്യന്റെ വിവിധ ആവശ്യങ്ങളും ഉല്പന്നങ്ങൾ താല്പര്യങ്ങളും നിറവേറ്റപ്പെടുന്നു ഇതെല്ലാം യാദൃച്ഛികമാണെന്നു ബുദ്ധിയുള്ളവർക്ക് ചിന്തിക്കാനൊക്കുമോ?
അനന്തകോടി ജ്യോതിർല്ലോകങ്ങളും സംഖ്യതീതമായ ജീവജാലങ്ങളും അപരിമേയമായ അചേതന വസ്തുക്കളുമുൾക്കൊള്ളുന്ന ഈ ബ്രഹ്മാണ്ഡത്തിലെ ഓരോന്നും തികഞ്ഞ പൊരുത്തത്തോടും രഞ്ജിപ്പോടും കൂടിയാണ് വർത്തിക്കുന്നതെന്നു നാംകണ്ടു. ഓരോന്നും മറ്റേതിനെ ആശ്രയിച്ചുനിലകൊള്ളുന്നു. പ്രകൃതി നിശ്ചയിച്ചു കൊടുത്ത ജോലി സനിഷ്കർഷം പാലിക്കുന്നു.
ഇങ്ങനെ നോക്കുമ്പോൾ ഒരൊറ്റ ഭരണഘടനക്ക് വിധേയമാണ് പ്രപഞ്ചമാസകലമെന്നു കാണാം പ്രപഞ്ചത്തിനൊരു കർത്താവും നിയന്താവുമുണ്ടെന്നു മാത്രമല്ല, അവൻറ ആധിപത്യം ഏകവും അവിച്ഛിന്നവുമാണെന്നും ഇതു സാക്ഷ്യം വഹിക്കുന്നുണ്ട്. ഏതൊരു സാമൂഹ്യവ്യവസ്ഥ വിഭാവനം ചെയ്യുമ്പോഴും അതിലെ പരമാധികാരം സ്ഥിതിചെയ്യുന്ന ഒരു പ്രത്യേക കേന്ദ്രത്തെപ്പറ്റി നിങ്ങൾക്ക് വിഭാവനം ചെയ്യേണ്ടി വരും. അധിശാധിപത്യത്തെ ഒന്നിലധികം കേന്ദ്രങ്ങളിലായി വിഭജിക്കുക സാധ്യമല്ല. അഥവാ വിഭജിക്കുന്ന പക്ഷം ആ വ്യവസ്ഥ താറുമാറാവുമെന്നു തീർച്ചയാണ്. മുമ്പുകാലത്ത് ഒരു വ്യക്തിയിലായിരുന്നെങ്കിൽ, ആധുനികജനാധിപത്യവ്യവസ്ഥയിൽ ബഹു ജനമാകുന്ന അതിവിശാലമായ ഒരു വലയത്തിലാണ് അധീശാധിപത്യം കേന്ദ്രീകൃതമായിരിക്കുന്നത്. വ്യക്തികളെന്ന ഭാവത്തിലല്ല, ഒറ്റ സമൂഹമെന്ന ഭാവത്തിലാണ് ബഹുജനത്തിൽ അത് നിലകൊള്ളന്നത്. വ്യക്തിൾക്കു അധികാരം വിഭജിക്കപ്പെടുന്നപക്ഷം അവിടെ അരാജകത്വവും അവ്യവസ്ഥിതിയുമായിരിക്കും ഫലം.
ഇനിയൊന്നു ചിന്തിച്ചുനോക്കുക: പരസ്പര വിരുദ്ധങ്ങളായ ശക്തികളും പ്രകൃതങ്ങളും സ്വഭാവങ്ങളും സവിശേഷതകളും ഉൾകൊള്ളുന്ന ഈ പ്രപഞ്ചത്തിന്റെ അധീശാധിപത്യം ഒന്നിലധികം കരങ്ങളിലായിരുന്നുവെങ്കിൽ എന്തായിരിക്കും കഥ! ഇത് നിമിഷനേരത്തേയ്ക്ക് നിലനില്ക്കുമോ? അതാണ് ഖുർആൻ പറഞ്ഞത്:
(ആകാശഭൂമികളിൽ അല്ലാഹുവിനു പുറമെ മറ്റു ദൈവങ്ങളുമുണ്ടായിരുന്നുവെങ്കിൽ അവ താറുമാറായേനെ! 22 :22)
(നബി) പറയുക: ഇവർ പറയുംപോലെ അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളുമുണ്ടായിരുന്നുവെങ്കിൽ അവർ സിംഹാസനക്കാരനോടു കയർക്കുവാനുള്ള ഒരു മാർഗ്ഗം അന്വേഷിച്ചുപിടിക്കുമായിരുന്നു 17: 42)
ഖുർആനിക തെളിവുകളുടെ സ്വഭാവം
മുൻ വിവരിച്ച ദിവ്യാടയാളങ്ങളെപ്പറ്റി അവഗാഢമായി ചിന്തിയ്ക്കുന്ന ഏതൊരു നിപക്ഷമതിയുടെയും മന:സാക്ഷി സമ്മതിയും, അനന്ത വിസ്തൃതവും അത്യത്ഭുതാവഹവുമായ ഈ മഹാ പ്രപഞ്ചത്തിന്റെ പുറകിൽ ഒരു സ്വതന്ത്രാസ്തിത്വം പ്രവർത്തിയ്ക്കുന്നുണ്ടെന്നു. ഇവിടെ ഒരു സംഗതി നാം പ്രത്യേകം മനസ്സിരുത്തേണ്ടതുണ്ട്: തർക്കശാസ്ത്രപരമായ (Logical) വാദസ്ഥാപനരീതിയല്ല വിശുദ്ധ ഖുർആൻ സ്വീകരിച്ചിട്ടുള്ളത്. ആ രീതി ഒരു പക്ഷെ, മറുപക്ഷത്തെ ഉത്തരം മുട്ടിയേക്കാനുതകിയേക്കാമെങ്കിലും സമ്പൂർണ്ണ മനസ്സമാധാനം നല്കുകയില്ല. അതിനാൽ ഖുർആൻ ആ രീതി പറ്റെ പരിത്യജിച്ചു, അഭൂതപൂർവ്വവും എന്നാൽ സരളവുമായ ഒരു വാദ സ്ഥാപനരീതി സ്വീകരിക്കുകയാണ്.
പ്രപഞ്ചകർത്താവായ അല്ലാഹു ഖുർആനിലൂടെ, അത്യാകർഷകമായ സ്വരശൈലികളിൽ ചില യാഥാർത്ഥ്യങ്ങൾ ആവിഷ്ക്കരിക്കുകയും അവയുടെ സത്യതയും സംഭാവ്യതയും അനുവാചകർക്കു ബോധ്യപ്പെടേണ്ടതിനായി ചില അടയാളങ്ങൾ ചൂണ്ടിക്കാ ണിക്കുകയും അവയെപ്പറ്റി അവഗാഢമായി ചിന്തിക്കാനുദ്ബോധിപ്പിക്കുകയും ചെയ്യുന്നു. അങ്ങിനെ ചിന്തിക്കുമ്പോൾ പ്രസ്തുത യാഥാത്ഥ്യങ്ങൾ ബുദ്ധിമതികൾക്കു ബോധ്യപ്പെടുന്നതാണ്. ചിലപ്പോൾ ഒരടയാളത്തെക്കുറിച്ചു ചിന്തിച്ചാൽ അതിൽ സബൂർണ്ണമായ തെളിവു കാണാൻ കഴിഞ്ഞില്ലെന്നു വരാം. എന്നാൽ ഇതരസ്ഥലങ്ങളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള ഉപോൽബലകങ്ങളായ തെളിവുകൾ കൂടി കണക്കിലെടുക്കുമ്പോൾ അനുവാചകർക്ക് യാഥാത്ഥ്യം മനസ്സിലാവാൻ യാതൊരു പ്രയാസവും നേരിടുകയില്ല. ഖുർആനിക തെളിവുകൾ മിക്കവാറും അടയാളങ്ങളാണ്. അതിനാൽ അവക്ക് ‘ആയാത്ത്’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
പ്രപഞ്ചത്തിന്റെ യാഥാത്ഥ്യം കണ്ടുപിടിക്കാനായി ആധുനിക ഭൗതികചിന്തകന്മാർ അപഗ്രഥന രീതിയാണ് പൊതുവെ സ്വീകരിച്ചിട്ടുള്ളത് പ്രാപഞ്ചിക വസ്തുക്കളെ അപഗ്രഥിച്ചാൽ നമുക്കു ലഭിക്കുക ചില അണുക്കളും (Molecules) പരമാണുക്കളും (Atoms) മാത്രമാണ്. അവയെ വീണ്ടും അപഗ്രഥിച്ചാലോ, ചില മൂലകങ്ങളും. അവിടെയൊന്നും ദൈവാസ്തിക്യത്തെയോ ദൈവത്തിന്റെ ഏകത്വത്തെയോ അവർ കാണുന്നില്ല. അതിനാൽ ദൈവവും അഭൗതിക കാര്യങ്ങളും കേവലം മിഥ്യയും അന്ധവിശ്വാസജന്യവുമാണെന്നു അവർക്കു തോന്നിപ്പോയതിൽ ആശ്ചര്യമില്ല. വാസ്തവത്തിൽ പ്രപഞ്ചയാഥാർഥ്യം തിരിച്ചറിയാനുള്ള ശരിയയായ മാർഗ്ഗം ഉദ്ഗ്രഥനമാർഗ്ഗമാണ്. പ്രപഞ്ചത്തിലെ ഓരോ വസ്തുവിനെയും അതതിന്റെ സ്ഥാനത്തിരുത്തിക്കൊണ്ടു ഒട്ടാകെ വീക്ഷിക്കുമ്പോൾ, അതിസമർത്ഥവും അത്യാകർഷകവും അത്ഭുതകരവുമായ അതിന്റെ സംവിധാനം അതിവിദഗ്ദ്ധമായ ഒരാസൂത്രണത്തിലേക്ക് വിരൽ ചൂണ്ടുന്നതായി കാണാം. അപ്പോലെ ഓരോ പ്രാപഞ്ചിക വസ്തുവും അഖണ്ഡവും അലംഘ്യവുമായ ചില പ്രകൃതി നിയമങ്ങൾക്കു നിർബന്ധപൂർവ്വം വിധേയമായി സ്ഥിതിചെയ്യുന്നു. ഓരോന്നും പ്രപഞ്ചത്തിന്റെ സർഗ്ഗലക്ഷ്യമുൾക്കൊള്ളുകയും ആ ലക്ഷ്യപൂർത്തീകരണാർത്ഥം അതിന്റെ കടമ സനിഷ്കർഷം പാലിച്ചു കൊണ്ടിരിക്കുകയുമാണ്. ഉദ്ദേശ്യരഹിതമായി യാതൊന്നും ഈ പ്രപഞ്ചത്തിലില്ലതന്നെ. അതാണ് വിശുദ്ധ ഖുർആൻ ചൂണ്ടിക്കാണിക്കുന്നത്.
“ആകാശഭൂമികളെയും അവയ്ക്കിടയിൽ സ്ഥിതിചെയ്യുന്നവയെയും ഉദ്ദേശ്യപൂർവ്വമല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല.” (15: 85)
“ആകാശ ഭൂമികളുടെ സൃഷ്ടിയിലും രാപ്പകലുകൾ മാറി മാറി വരുന്നതിലും ധാരളം അടയാളങ്ങളുണ്ടു, ബുദ്ധിമാന്മാർക്കു; (അതെ,) നിന്നും ഇരുന്നും കിടന്നും ഈശ്വരധ്യാനം നടത്തുകയും ആകാശ ഭൂമികളുടെ സൃഷ്ടിയെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നവർക്കു. (സ്വാനുഭൂതിയാൽ അവർ പറയും:) ‘ഞങ്ങളുടെ നാഥാ! നീ ഇതു ഉദ്ദേശ്യരഹിതമായി സൃഷ്ടിച്ചതല്ല തന്നെ!” (3: 190, 191)
പ്രപഞ്ച യാഥാർത്ഥ്യം ഗ്രഹിക്കേണ്ടതിനു അപഗ്രഥനമാർഗ്ഗമവലംബിക്കുന്നതു താജ്മഹലിന്റെ കലാസൗന്ദര്യം ആസ്വദിക്കുവാൻ വിശ്ലേഷന രീതി കൈക്കൊള്ളുന്നതിനു തുല്യമാണ്. അവിടെ ഏതാനും അണുക്കളും ഇവിടെ കുറച്ചു കല്ലും കുമ്മായവും മാത്രമായിരിക്കും ദൃശ്യമാവുക. നേരെ മറിച്ച്, താജ്മഹലിന്റെ ഓരോ ഭാഗത്തെയും അതിന്റെ സ്ഥാനത്തുവച്ച ഒരു പൊതുവീക്ഷണം നടത്തുമ്പോൾ അതിലന്തർഭിവിച്ച കലാവൈഭവവും ഔചിത്യദിക്ഷണയും നിർമ്മാണവൈദഗ്ദ്യവും നമുക്ക് ഗ്രഹിക്കുവാൻ സാധിക്കുന്നു. ഇപ്രകാരം ഓരോ പ്രാപഞ്ചിക വസ്തുവെയും അതിന്റെ നിലപാടിൽ നിർത്തി, അതു പ്രതിനിധാനം ചെയ്യുന്ന ആശയത്തെയും, ഉൾക്കൊള്ളുന്ന പ്രകൃതി നിയമത്തെയും, ഉന്നം വയ്ക്കുന്ന ലക്ഷ്യത്തെയും ആ ലക്ഷ്യ പ്രാപ്തിയായി അതു സനിഷ്കർഷം പാലിച്ചുകൊണ്ടിരിക്കുന്ന കൃത്യത്തെയും കണക്കിലെടുത്തുകൊണ്ട് പ്രപഞ്ചത്തെ സമഗ്രമായി അഭിവീക്ഷിക്കുന്ന ചിന്താശീലന്മാർ അതിന്റെ പരമയാഥാർത്ഥ്യത്തിലെത്തിശീലന്മാർക്കു അതിന്റെ പരമായാഥാർഥ്യത്തിലെത്തിച്ചേരാൻ കഴിയുന്നു. ഇതിന്റെ പുറകിൽ തികച്ചും സ്വതന്ത്രമായ ഒരിച്ഛാശക്തിയുടെ പ്രവർത്തനം നടക്കുന്നതായി സ്വന്തം കണ്ണ് കൊണ്ട് ദർശിക്കും പോലെ അവർക്ക് അനുഭവപ്പെടുന്നതാണ് പ്രപഞ്ചത്തിന്റെ സൃഷ്ടിയിലും ഘടനയിലും സംവിധാനത്തിലും ദീക്ഷിയ്ക്കപ്പെട്ട തത്വങ്ങളെയും അവയുടെ പ്രതീകങ്ങളായി നിലകൊള്ളുന്ന അടയാളങ്ങളെയുമാണ് വിശുദ്ധ ഖുർആൻ നമുക്ക് ചൂണ്ടിക്കാട്ടിത്തരുന്നത്.
മാനുഷിക തെളിവുകൾ
ഇനി നമുക്ക് മനുഷ്യനിൽ അന്തർലീനമായി കിടക്കുന്ന ദൈവികാടയാളങ്ങളെക്കുറിച്ചു ചിന്തിയാം. മനുഷ്യബോധങ്ങളുടെ കൂട്ടത്തിൽ സർവ്വോപരി മുന്നിട്ടുനിൽക്കുന്നത് സഹജാവബോധമാണ്. സഹജാവബോധം മാനുഷികമാത്രമായ ഒരു സവിശേഷതയല്ല. തിര്യക്ക് വർഗ്ഗങ്ങളിലും അതിന്റെ ലക്ഷണങ്ങൾ പ്രകടമായിക്കാണാം. ഒരു മൃഗശിശു പിറന്നു വളരെ താമസിയാതെ തള്ളയുടെ അകിടിനെ സമീപിക്കുന്നതു കാണാം. വിശപ്പിന്റെയും ദാഹത്തിൻറയും ചൂടു ആ ശിശുവിനു അനുഭവപ്പെടുന്നു. അതിനെ ശമിപ്പിക്കുന്ന വിഭവം പാൽ സ്വന്തം തള്ളയുടെ മുലയിൽ സ്ഥിതിചെയ്യുന്നുണ്ടെന്നു ആ ശിശു അറിയുന്നത് ഒരു പ്രത്യേക ശിക്ഷണം കൊണ്ടോ ലോകവുമായുള്ള പരിചയത്താൽ സിദ്ധമാവുന്ന ഒരനുഭവ പരിജ്ഞാനം കൊണ്ടോ അല്ല; പ്രകൃതിയിൽ നിക്ഷിപ്തമായ അതിൻറ സഹജാവബോധത്താൽ മാത്രമാണ്. ഇതു പ്രകാരം സ്വന്തം യജമാനനോടു കൂറും സ്നേഹവും കൃതജ്ഞതയും കാണിപ്പാനുള്ള വികാരവും മൃഗങ്ങളിൽ നാം കാണുന്നു. നായ മുതൽ ആന വരെയുള്ള ഈ പോറ്റുമൃഗങ്ങളിൽ ഈ വികാരം അത്യന്തം പ്രകടമായി അനുഭവപ്പെടുന്നു. ആ വികാരത്തെ ഉത്തേജിപ്പിക്കുന്നത് അവയുടെ അന്തരംഗത്തു നിലകൊള്ളന്ന സഹജാവബോധമൊന്നു മാത്രമാണ്. എന്നാൽ ഈ ബോധം സർവ്വോപരി പ്രകടമായി കാണുന്നത് മനുഷ്യനിലത്രെ അതാണ് മനുഷ്യനെ തന്റെ സാക്ഷാൽ അനുഗ്രഹദാതാവിനോട് കൂറും ഭക്തിയും കൃതജ്ഞതയും കാണിക്കുവാൻ പ്രേരിപ്പിക്കുന്നത്. അങ്ങനെ അവൻ ആ അനുഗ്രഹദായകനെ തിരിച്ചറിയുന്നു. അതിരറ്റ ഭക്തിപാരവശ്യത്തോടെ അവനെ വണങ്ങുകയും ആരാധിയ്ക്കുകയും ചെയ്യുന്നു. ഇതാണ് വാസ്തവത്തിൽ ദൈവവിശ്വാസത്തിന്റെയും ദൈവാരാധനയുടെയും പ്രേരകം. അല്ലാതെ ആധുനിക പദാർത്ഥവാദികൾ പറയും പ്രകാരം മനുഷ്യന്റെ ഭീതിയല്ല. അവർ പറയുന്നു:
“നിയന്ത്രിക്കാനാവാത്ത പ്രകൃതികോപങ്ങളും പഞ്ചഭൂതങ്ങളുടെ പ്രവർത്തനവും ആദിമമനുഷ്യനെ അമ്പരപ്പിക്കുകയും പേടിപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ടാണവൻ പ്രകൃതിശക്തികളെ പൂജിക്കാനൊരുങ്ങിയത്.” (മനുഷ്യൻ പേ: 52)
ഇവിടെ നമുക്കൊന്നു ചിന്തിക്കാനുണ്ട്. ഭീതിയെന്നാൽ എന്താണ്? ജീവിതമോ ജീവനോപാധികളോ നഷ്ടപ്പെടുമെന്നുള്ള ആശങ്കയാണ്. വാസ്തവത്തിൽ ഭീതി. ജീവനും ജീവനോപാധികളും ഒരു നന്മയും അനുഗ്രഹവുമാണെന്ന ബോധത്തിൽനിന്നാണ് ഭീതിയുളവാകുന്നത്. ജീവനും ജീവനവിഭവങ്ങളും സദാ നിലനിൽക്കണമെന്നു മനുഷ്യൻ ആഗ്രഹിയ്ക്കുന്നു. ജീവിതം ഒരനുഗ്രഹമാണെങ്കിൽ, അനിവാര്യമായും ആ അനുഗ്രഹത്തിന്റെ ദായകനെക്കുറിച്ച് ബോധവും അവനോടു അനുഗ്രഹസമ്മതം പ്രകടിപ്പിക്കാനുള്ള വികാരാവേശവും മനുഷ്യഹൃദയത്തിൽ അങ്കുരിക്കുന്നു വാസ്തവത്തിൽ ഈ പരിപാവന വികാരത്തിൽനിന്നാണ് ആദിയിൽ ദൈവവിശ്വാസവും ദൈവാരാധനയും ഉൽഭൂതമായത്. ഭയം സ്നേഹത്തെയല്ല, വെറുപ്പിനെയും വിദ്വേഷത്തെയുമാണ് ജനിപ്പിക്കുക. എന്നാൽ ആരാധനയാകട്ടെ, അതിരറ്റ ഭക്തിയുടെയും സ്നേഹത്തിന്റെയും ബഹിർ പ്രകടനമാകുന്നു. അതിനാൽ ഭയത്തിൽ നിന്നുമാണ് ദൈവാരാധനയുണ്ടായിട്ടുള്ളതെന്നു കരുതുന്നതു അബദ്ധമത്രെ.
മനുഷ്യപ്രകൃതിയിൽ ജന്മനാ നിക്ഷിപ്തമായ സഹജാവബോധമാണ് ഏകദൈവവിശ്വാസത്തിലേക്കും ഏകദൈവാടിമത്തത്തിലേക്കും മാർഗ്ഗദർശനം ചെയ്തതെന്നു വിശ്വസിക്കുവാൻ ന്യായമുണ്ട് നന്മ ചെയ്യുന്നവനെ സ്നേഹിക്കാനും തിന്മ പ്രവർത്തിക്കുന്നവനെ വെറുപ്പാനും പ്രകൃതി ആവശ്യപ്പെടുന്നു ഈ ബോധത്തിനാണ് നാം നീതിബോധം എന്നു പറയുന്നത്. ഈ മഹാപ്രപഞ്ചത്തെ ഇത്ര കലാഭംഗിയോടെ സംവിധാനിക്കുകയും അതിൽ തന്റെ ജീവിതത്തിനാവശ്യമായ വിഭവങ്ങളെല്ലാം സംഭരിച്ചുവെക്കുകയും ചെയ്തുകാണുമ്പോൾ വികലപ്രകൃതിയല്ലാത്ത ഏതൊരു മനുഷ്യനാണ്, ആ അനുഗ്രഹദാതാവിൻറ സ്മരണക്കു മുമ്പിൽ കൃതജ്ഞതയുടെ സാഷ്ടാംഗം ചെയ്യാതിരിക്കുക? പ്രസ്തുത നീതിബേധം സഹജാവബോധത്തിന്റെ മറെറാരു പേരത്രെ.
ആദിയിൽ ഏകദൈവത്വം
മേൽ പ്രസ്താവിച്ചതിൽ നിന്നു മറെറാരു സംഗതി കൂടി വ്യക്തമായി: ആദിയിൽ ഏകദൈവ വിശ്വാസമാണ് മനുഷ്യനുണ്ടായിരുന്നത്. പിന്നീടാണ് നിരീശ്വരത്വവും ബഹുദൈവപൂജകളുമൊക്കെ ഉടലെടുത്തത്. എന്നാൽ ചില യൂറോപ്യൻ സാമൂഹ്യ ശാസ്ത്രജ്ഞന്മാരുടെ പൊതുധാരണ നേരെ മറിച്ചാണ്. അവരുടെ വീക്ഷണഗതിയെ അനുകരിച്ചുകൊണ്ട് നമ്മുടെ നാട്ടിലെ ഒരു ഭൗതികവാദി എഴുതുന്നു:
“പ്രാകൃതമനുഷ്യന്റെ ചിന്തകളിൽ ഈശ്വരന്നിടമുണ്ടായിരുന്നില്ല സർവ്വജ്ഞനായ ദൈവത്തെപ്പറ്റിയല്ല, ഭക്ഷണത്തിനാവശ്യമായ മൃഗങ്ങളെപ്പറ്റിയാണ് അവൻ എല്ലായിപ്പോഴും ചിന്തിച്ചിരുന്നത് ………… കൃഷിചെയ്യാൻ ആരംഭിച്ചതോടെ അവൻ ഭൂമിയെയും വരുണനെയും സൂര്യനെയും പൂജിക്കാൻ തുടങ്ങി. ഏറ്റക്കുറച്ചിൽ കൂടാതെ വെയിലും മഴയും കിട്ടണമെങ്കിൽ ഈ ദൈവങ്ങളുടെ സഹായം കൂടിയേ കഴിയൂ. ദേവന്മാരുടെ ശക്തികൊണ്ടു മാത്രമാണ് തനിക്കും തന്റെ കൂട്ടുകാർക്കും ജീവിച്ചിരിക്കാൻ കഴിയുന്നതെന്നായിരുന്നു അവരുടെ ധാരണ എന്നാൽ ഉല്പാദനശക്തികളുടെ പരിഷ്കാരത്തോടൊപ്പം ഈ എണ്ണമറ്റ ദൈവങ്ങൾക്കും പരിഷ്കാരമുണ്ടായി. ദൈവങ്ങളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരികയും ഒടുവിൽ ആയിരക്കണക്കിലുള്ള കൊല്ലങ്ങൾക്കു ശേഷം മനുഷ്യൻ ഏകദൈവവിശ്വാസത്തിലെത്തിച്ചേരുകയും ചെയ്തു.” (മനുഷ്യൻ by കെ ദാമോദരൻ, പേജ് 51, 52)
ഇതു യൂറോപ്പിൽ പത്തൊമ്പതാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിലുണ്ടായിരുന്ന പൊതുധാരണയാണ് എന്നാൽ പുരാതനവസ്തുഗവേഷണശാസ്ത്രത്തിൻറ പുരോഗതിയോടെ ഒരു കടുത്ത അന്ധവിശ്വാസമാണിതെന്നു അസന്ദിഗ്ദ്ധമായി തെളിഞ്ഞിരിക്കുന്നു. വിയന്ന യൂനിവേഴ്സിറ്റിയിലെ പ്രഫസർ M. Schmidt നെ ഉദ്ധരിച്ചുകൊണ്ട് മൗലാനാ അബുൽകലാം ആസാദ് തന്റെ തുർജുമാനുൽ ഖുർആൻ വാ: 1, പേ: 127ൽ രേഖപ്പെടുത്തുന്നത് നോക്കുക.
“മനുഷ്യഗോത്രങ്ങളെയും വർഗ്ഗങ്ങളെയും സംബന്ധിച്ച വിജ്ഞാനരംഗത്ത് പഴയ പരിണാമാത്മകമതം തീരെ പാപ്പരായിട്ടുണ്ടെന്നു സുതരാം തെളിഞ്ഞിരിക്കുന്നു. ആ മതം തികഞ്ഞ സന്നദ്ധതയോടെ സംഭരിച്ചിരുന്ന സുമോഹനവും ക്രമവൽകൃതവുമായ പരിണാമകണ്ണികളുടെ ശൃഖല ഇപ്പോൾ തുണ്ടം തുണ്ടമായി പൊട്ടിത്തകർന്നിരിക്കുകയാണ് നവീന ചരിത്ര നിഗമനങ്ങൾ അതിനെ വലിച്ചെറി ഞ്ഞുകഴിഞ്ഞു.” (The Origin and growth of Religion p 8)
പ്ര:ശമിറ്റ് വേറൊരിടത്ത് പറയുന്നതായി മൗലാനാ ഉദ്ധരിക്കുന്നു:
“മനുഷ്യന്റെ ആദിമ നാഗരികവിഭാവനത്തിലുള്ള ‘പരമോൽകൃഷ്ടമായ ആസ്തിക്യം’ വാസ്തവത്തിൽ തൗഹീദാദർശത്തിലെ ഏകദൈവമായിരുന്നുവെന്നും, അതിൽ നിന്നാവിഭർവിച്ച മനുഷ്യന്റെ മതാദർശം തികച്ചും ഒരു ഏകദൈവമതമായിരുന്നുവെന്നും ഇപ്പോൾ വ്യക്തമായിരിക്കുന്നു. വെറുമൊരു ഉപരിപ്ലവമായ നിരീക്ഷണവീക്ഷണം മതിയാകുമാറു, അത്ര പ്രത്യക്ഷമായിരിക്കുകയാണിന്നു
ഈ യാഥാത്ഥ്യം. മനുഷ്യവംശത്തിൽ അതിപ്രാചീനമായ വാമനഗോത്രങ്ങളിലുള്ള മിക്കവരെസ്സംബന്ധിച്ചും നമുക്കിത് വളരെ വിശ്വാസ്യതയോടെ പറയാൻ കഴിയും. അപ്രകാരം തന്നെ പ്രാരംഭദശയിലെ കാടൻ വർഗ്ഗങ്ങളുടെ വെളിച്ചത്തുവന്ന സ്ഥിതിഗതികളെ…… സംബന്ധിച്ച അന്വേഷണങ്ങളും ഇതേ നിഗമനത്തിലാണ് നമ്മെ എത്തിക്കുന്നത്. ആർഷ (Archais)സംസ്കാരത്തിലെ ഗോത്രവർഗ്ഗങ്ങളുടെ ഐതിഹാസിക സ്മാരകങ്ങളും വടക്കനമേരിക്കൻ ഗോത്രങ്ങളുടെ മതസങ്കല്പങ്ങളും പരിശോധിച്ചാലും ഒടുവിൽ ഇതേ നിഗമനമാണുളവാക്കുക (പേജ് 262)
ആസ്ത്രേലിയായിലെയും ആൾജീരിയയിലെയും കാടൻ വർഗ്ഗങ്ങളെയും ഈജിപ്തിലെയും മോഹൻജൊദാരോവിലെയും പുരാവസ്തുക്കളെയും സംബന്ധിച്ച ഗവേഷണവും ഇതേ നിഗമനത്തിനുപോൽബലകങ്ങളാണെന്നു മൗലാന തുടർന്നു രേഖപ്പെടുത്തിയിരിക്കുന്നു. പരിശുദ്ധ ഖുർആനും ഇതേ നിഗമനത്തെയാണ് പിന്താങ്ങുന്നത്:
“മനുഷ്യർ (ആദിയിൽ) ഒരൊറ്റ സമുദായം മാത്രമായിരുന്നു പിന്നീടു അവർ ഭിന്നിച്ചുകളഞ്ഞു.” (10:19) “(ആദിയിൽ) സകല മനുഷ്യരും ഒറ്റസ്സമുദായമായിരുന്നു (അനന്തരം അവർ ഭിന്നിച്ചു) അപ്പോൾ (സൽകൃത്യങ്ങളുടെ സൽഫലത്തെക്കുറിച്ചു) സന്തോഷവാർത്തയും (ദുഷ്കൃത്യങ്ങളുടെ ദുഷ്ഫലത്തെക്കുറിച്ചു) താക്കീതും നല്കുന്നവരായികൊണ്ടു പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചു അവരോടൊപ്പം സത്യസന്ധമായി വേദവും അവതരിപ്പിച്ചു, ജനങ്ങൾ ഭിന്നിച്ചിട്ടുള്ള കാര്യത്തെപ്പറ്റി അവർക്കിടയിൽ ഒരന്ത്യതീരുമാനമുണ്ടാക്കുവാൻ!” (2: 213)
ആ ‘ഏക ഉമ്മത്ത്’ (സമുദായം) ‘മുവഹ് ഹിന്ദു’ (ഏക ദൈവ വിശ്വാസി)കളുടെ സമുദായമായിരുന്നു. ‘ശിർക്കി’ (ബഹുദൈവവാദം)നു മനുഷ്യരെ ഏകീകരിക്കുക സാധ്യമല്ല പരസ്പരം പൊരുത്തമില്ലാത്ത, വിഭിന്ന ദേവീദേവന്മാരുടെ അടിമത്ത പാലനമാണല്ലോ ശിർക്കാവശ്യപ്പെടുന്നതു. ആ അടിമത്തത്തിൽ ഏകീഭാവത്തിനും ഐകമത്യത്തിനും സ്ഥാനമില്ല. അതാണ് ഖുർആൻ ചേദിക്കുന്നതു:
“വിഭിന്ന ഈശ്വരന്മാരോ ഉത്തമം? അതോ എകനും പരമാധിപതിയുമായ അല്ലാഹുവോ?” (12:39)
ആദിയിൽ ഇന്നത്തെ അപേക്ഷിച്ചു മനുഷ്യൻ വളരെ ശുദ്ധാന്മാവായിരുന്നു. അവന്റെ സഹജാവബോധം പക്ഷപാതപങ്കിലമോ കാമക്രോധലോഭമോ ഹമദമാത്സര്യാദി ദുർവ്വികാരങ്ങളാൽ മലീമസമോ ആയിരുന്നില്ല. അതിനാൽ ശുദ്ധമായ പ്രകൃതിമതമാണ് അവൻ ആചരിച്ചിരുന്നത്. സന്തുഷ്ടിയും സംതൃപ്തിയും കളിയാടുന്ന ഒരു ലോകമായിരുന്നു അവന്റേത്. അവന്റെ ജീവിതപ്രശ്നം സങ്കീർണ്ണമായിരുന്നില്ല. തുലോം ലളിതമായിരുന്നു. എല്ലാ വിധത്തിലും യോജിച്ച ഒരു ജീവിതസഖി അവന്റെ കൂടെയുണ്ടു ജീവിത വിഭവം എവിടെനിന്നും എപ്പോഴും ലഭിക്കും. ആർക്കും ആരോടും വെറുപ്പില്ല; വിദാഷമില്ല. ഉച്ചനിചത്വമില്ല. വർണ്ണാശ്രമധർമ്മങ്ങളില്ല. മാനുഷ്യരെല്ലാം ഒന്നുപോലെ ബൈബിളിന്റെ ഭാഷയിൽ പറഞ്ഞാൽ ഏദൻ തോട്ടത്തിൽ അത്യന്തം സൗഭിക്ഷത്തിലും ക്ഷേമത്തിലുമാണ് ആദമും ഹവ്വായും (മനുഷ്യൻ) കഴിഞ്ഞു കൂടിയിരുന്നത്.
അതുപോലെ, അവന്റെ മതം ലളിതമായ പ്രകൃതി മതമായിരുന്നു. തന്റെ സഹജാവബോധത്തിന്റെ ഹിദായത്തി (മാർഗ്ഗ നിർദ്ദേശത്തി)നനുസരിച്ചു ജീവിച്ചാൽ മതിയായിരുന്നു തനിക്ക്. പ്രസ്തുത മാർഗ്ഗ നിർദ്ദേശത്തെപ്പറ്റി ഖുർആൻ പറയുന്നതു നോക്കുക:
“സൃഷ്ടിച്ചു അന്യുനമാക്കിയവനും, (ഓരോ അസ്തിത്വത്തിനും) സുനിർണ്ണിതരൂപം നൽകി, (സ്വയം പ്രവർത്തിക്കാൻ) വഴി നിർദ്ദേശിച്ചുകൊടുത്തവനുമായ നിന്റെ നാഥൻ.” (87: 3)
“ഏതൊന്നിനാലാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്? ഒരു രേതസ്കരണത്താൽ അവൻ അവനെ സൃഷ്ടിച്ചു. അവനു (തന്റെ ബാഹ്യാന്തരശക്തികൾ). നിർണ്ണയിച്ചു കൊടുത്തു. എന്നിട്ട് ആ മാർഗ്ഗത്തെ (പ്രകൃതിമാർഗ്ഗത്തെ) അവനു സുഗമമാക്കി” (80: 18-20)
ഇതേ ഹിദായത്തിനെപ്പറ്റിയാണ് ഹ: മൂസാ (അ) ഫിർഔനെ ഉണർത്തിച്ചത്. അവൻ ചോദിച്ചു: “നിങ്ങളുടെ ഈശ്വരൻ ആരാണ്?” അതിനു അദ്ദേഹത്തിന്റെ പ്രത്യുത്തരം:
“ഓരോ വസ്തുവിനും അതിന്റേതായ പ്രകൃതം നല്കുകയും (ആ പ്രകൃതത്തിനെത്തു ജീവിക്കാൻ) മാർഗ്ഗ
നിർദ്ദേശം കൊടുക്കുകയും ചെയ്തവനാരോ അവനാണ് ഞങ്ങളുടെ ഈശ്വരൻ!” 30: 50)
ഉപര്യുക്തമായ ആയത്തുകളിൽ വന്ന ‘ഹിദായത്ത്’ (മാനിർദ്ദേശം) മനുഷ്യപ്രകൃതിയിൽ അല്ലാഹു നിക്ഷേപിച്ച നീതിബോധത്തിന്റെ, അഥവാ സഹജാവബോധത്തിന്റെ ഹിദായത്താകുന്നു. ഇതേ ഹിദായത്തിനെയാണ് അല്ലാഹു മറ്റൊരു സ്ഥലത്ത് പ്രകൃതിയുടെ സാക്ഷ്യമായി ചിത്രീകരിച്ചിരിക്കുന്നത്:
“താങ്കളുടെ നാഥൻ, മനുഷ്യസന്തതികളിൽ നിന്നു അവരുടെ മുതുകുകളിൽ നിന്നു തങ്ങളുടെ പിൻ തലമുറകളെ പിടിച്ചു, സ്വന്തത്തിനെതിരിൽ സാക്ഷികളാക്കിയ സന്ദർഭം: ‘ഞാനല്ലയോ നിങ്ങളുടെ ഈശ്വരൻ, (അവൻ ചോദിച്ചു) ‘ഉവ്വ്, ഞങ്ങൾ സാക്ഷ്യം വഹിച്ചു,’ അവർ പറഞ്ഞു. നിങ്ങൾ പുനരുത്ഥാനദിനം ഇങ്ങനെ പറഞ്ഞേക്കുമെന്നു വച്ചിട്ട്: ‘ഇതിനെപ്പറ്റി നിശ്ചയമായും ഞങ്ങൾ ബോധശൂന്യരായിരുന്നു.’ അല്ലെങ്കിൽ നിങ്ങൾ ഇപ്രകാരം ബഹുദൈവവാദികളായതു ഞങ്ങളുടെ പൂർവ്വപിതാക്കൾ മാത്രമാണ്. ഞങ്ങൾ അവരുടെ പുറകെ വന്ന ഒരു തലമുറയായിരുന്നു. അവരെ ഞങ്ങൾ അനുകരിച്ചതാണ്.) ആ സത്യസന്ധന്മാർ പ്രവർത്തിച്ച തെറ്റിനു നീ ഞങ്ങളെ ഹനിക്കുകയാണോ? (7: 173, 174)
എല്ലാ ഓരോ മനുഷ്യന്റെയും ജന്മപ്രകൃതിയിൽ തന്നെയുള്ള നീതിബോധം സ്വയം സാക്ഷ്യം വഹിക്കുന്നു. ഏകദൈവമാണ് അല്ലാഹു; അവനൊഴികെ വേറെ ദൈവമില്ല എന്നു. നിഷ്കളങ്കമായ ഏതുമനസാക്ഷിയും ആ വസ്തുത എപ്പോഴുംസമ്മതിക്കും. ഇങ്ങനെ മനുഷ്യ പ്രകൃതിയോട് ഒരു സാക്ഷ്യം അല്ലെങ്കിൽ പ്രതിജ്ഞ വാങ്ങിയതിന്റെ ഉദ്ദേശ്യമാണ് പ്രകൃത വാക്യത്തിന്റെ അവസാനത്തിൽ വിവരിക്കുന്നത്. ഖിയാമത്തു നാളിൽ ബഹുദൈവത്വം കൈകൊണ്ടു അല്ലാഹുവിന്റെ മഹിമ കളങ്കം ചാർത്തിയവരെ അവൻ ചോദ്യം ചെയ്തയും ശിക്ഷിക്കുകയും ചെയ്യു മ്പോൾ അവക്കിങ്ങിനെ എതിർ ന്യായം പറയാനിടവരരുത്: നാഥാ! പൂർവ്വന്മാർ നടപ്പിൽ വരുത്തിയിരുന്നതു ഞങ്ങൾ അനുകരിച്ചുവെന്നേയുള്ളൂ: ഞങ്ങൾക്കി സത്യത്തെപ്പറ്റി യാതൊരു ബോധവുമുണ്ടായിരുന്നില്ല. അവരാണ് വാസ്തവത്തിൽ അപരാധികൾ. ആ അപരാധത്തിനു ഞങ്ങളെയും ശിക്ഷി ക്കുകയാണോ?”
ഓരോ പൈതലും ജനിക്കുന്നതു, ഇതേ പ്രകൃതിമതത്തിലാണ്. അനന്തരം സാഹചര്യങ്ങൾ അവനെ ദുഷിപ്പിക്കുന്നു. ഇസ്ലാം മത പ്രവാചകൻ പറയുന്നു:
“പ്രകൃതി മതത്തിൽ പ്രസവിക്കപ്പെടാത്ത ഒരു ശിശുവുമില്ല. പിന്നീടവനെ മാതാപിതാക്കളാണ് ജൂതനും ക്രിസ്തനും സൗരാഷ്ട്രനുമാക്കി മാറ്റുന്നത്. മൃഗശിശു സർവ്വാംഗപൂർണ്ണമായി ജന്മമെടുക്കും പോലെ. അവയിൽ വല്ല വികലാംഗത്തെയും നിങ്ങൾ ദർശിക്കാറുണ്ടോ?” (ബുഖാരി, മുസ്ലിം)
ഇതേ പ്രകൃതിമതത്തെ മനുഷ്യൻ നിലനിർത്തിയിരുന്നുവെങ്കിൽ അവനു യാതൊരു നാശവും കുഴപ്പവും സംഭവിക്കുമായിരുന്നില്ല. കാരണം പ്രകൃതി മുഴുവൻ ആ മതത്തിനു സഹായകമാണ്. പ്രകൃതിയെ മാറ്റാൻ മനുഷ്യനു ഒരിക്കലും സാധ്യമല്ലല്ലോ. പ്രകൃതിമതത്തെ മനുഷ്യൻ മാറ്റുമ്പോൾ പ്രകൃതിയും തന്റെ മതവുമായി വിയോജിക്കുന്നു. അതാണ് സകല വിനാശങ്ങളുടെയും നാരായവേര്. അതുകൊണ്ടാണ് പ്രകൃതിമതത്തെ സനിഷ്കർഷം പാലിക്കുവാൻ മനുഷ്യനെ ഖുർആൻ ഉദ്ബോധിപ്പിക്കുന്നതും:
“സത്യനിഷ്ഠനായികൊണ്ടു നിന്റെ മുഖത്തെ ഈ മതത്തിന്റെ നേർക്ക് നിർത്തുക. അതേ യാതൊരുന്നിന്റെ മേൽ മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിമതത്തെ നിലനിർത്തുക. അല്ലാഹുവിന്റെ സൃഷ്ടിക്കു മാറ്റമില്ല. അതത്ര ഋജു മാർഗ്ഗം പക്ഷെ അവരധികം പേരും ഇതു മനസ്സിലാ ക്കുന്നില്ല.” (30: 30)
പ്രപഞ്ച വ്യവസ്ഥിതി പ്രകൃതിമതത്തിലധിഷ്ഠിതമാണ്. മനുഷ്യനും ഒരു പ്രാപഞ്ചികവസ്തുതന്നെ. പ്രപഞ്ചമാകമാനം പ്രകൃതിമതമാചരിക്കുന്നു. അങ്ങനെയേ അതിനു കഴിയു. എന്നാൽ മനുഷ്യനു പ്രകൃതിമതത്തിൽനിന്നു വ്യതിചലിക്കാൻ സാധ്യമാണ്. എന്നു വെച്ച് അവനതു ചെയ്തുകൂട. കാരണം പ്രപഞ്ചത്തോടും പ്രാപഞ്ചിക വ്യവസ്ഥയോടും വിയോജിക്കുമ്പോൾ മനുഷ്യൻ വിനാശത്തിലാപതിക്കുന്നു.
മറെറാരു വിധം പറഞ്ഞാൽ പ്രപഞ്ചം മുസ്ലിമാണ്. അതിനാൽ അനുസരണമതം മാത്രമാണ് മനുഷ്യനു പ്രായോഗികവും സ്വീകാര്യയോഗ്യവും:
“അല്ലാഹുവിനെ കീഴണങ്ങുകയല്ലാത്ത മറെറാന്നിനെയാണോ അവർ അന്വേഷിക്കുന്നതു? പ്രപഞ്ചത്തിലുള്ള സകലവും മന:പൂർവ്വമായോ ബലാൽക്കാരമായോ അവനെ അനുസരിച്ചിരിക്കുന്നു.അവങ്കലേക്കാണ് താനും അവർ മടക്കപ്പെടുക.” (3: 83)
മനുഷ്യന്റെ നീതി ബോധം വഴികാട്ടുന്നതു പ്രക്ര്യതി മതത്തിലേക്കാണ്; തൗഹീദിലേക്കും, ഏകദൈവ സിദ്ധാന്തത്തിലേക്കുമാണ്. പക്ഷപാതപങ്കിലമല്ലാത്ത സ്വാർത്ഥതാല്പര്യമില്ലാത്ത ഏതു മന:സാക്ഷിയും അംഗീകരിക്കുകയും ചെയ്യും പക്ഷേ, പക്ഷപാതവും സ്വാർത്ഥവും മനുഷ്യനെ കൊണ്ടു തന്റെ മന:സാക്ഷിക്കെതിരായി ഒഴികഴിവുകൾ പറയിക്കുന്നു. അതാണ് അല്ലാഹു പറഞ്ഞത്: ” പ്രത്യുത, മനുഷ്യൻ തനിക്കുതന്നെ ഒരെതിർസാക്ഷ്യമാണ്. അവൻ സ്വന്തം ഒഴികഴിവുകൾ ബോധിപ്പിച്ചിട്ടുണ്ടെങ്കിലും .” (75: 14, 15)
മനുഷ്യൻ തനതായ ശുദ്ധപ്രകൃതത്തിലാണ് നീലകൊള്ളുന്നതെങ്കിൽ മറെറാരു ‘ഹിദായത്തി’ (മാർഗ്ഗദർശനം) ന്റെ ആവശ്യമില്ലാത്തവിധം, സഹജാവബോധത്തിന്റെ ഹിദായത്തു തന്നെ മനിയാകുമായിരുന്നു. ആദിയിലെന്നപോലെ ഇന്നും, എന്നും അവൻ ദൈവത്തിന്റെ പ്രകൃതിമതം ആചരിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ സാഹചര്യങ്ങളുടെയും ചുറ്റുപാടുകളുടെയും ഒഴുക്കിൽപെട്ടു. ആ പ്രകൃതി മതത്തെ അവൻ വിസ്മരിച്ചുകളഞ്ഞു. അതിനെ ഓർമ്മിപ്പിക്കുവാനാണ് അല്ലാഹു പ്രവാചകന്മാരെയും വേദത്തെയും അയച്ചിട്ടുള്ളത്. റസൂൽ (സ) തിരുമേനിയോടു അല്ലാഹു ആജ്ഞാപിച്ച് കാണുക:
“ഈ ഖുർആനിലൂടെ ഓർമ്മിപ്പിക്കുക, എന്റെ താക്കീതു ഭയപ്പെടുന്നവരെ.” (50: 45) പ്രവാചകന്മാരെയും വേദത്തെയും മനുഷ്യനിലുള്ള പൂർവ്വഹിദായത്തിനു പോൽബലകമായിട്ടാണ് അല്ലാഹു അയച്ചത്. അപ്പോൾ പ്രകാശത്തിനുമീതെ പ്രകാശമായി! ഖുർആൻ പറയുന്നു:
“അല്ലാഹു (എന്ന ആശയം) അത്രെ ആകാശഭൂമികളുടെ (പ്രപഞ്ചത്തിന്റെ) വെളിച്ചം. ആ വെളിച്ചത്തിന്റെ ഉപമ ഇപ്രകാരമാകുന്നു; ഒരു വെളിപ്പഴുത്. അതിലൊരു വിളക്കും. വിളക്കൊരു സ്ഫടികത്തിനുള്ളിലാണ്. സ്ഫടികമോ ഒരുജ്ജ്വലതാരം പോലെയും. അനുഗ്രഹീതമായ ഒരു മരത്തിൽ നിന്നു, പൂവ്വദേശത്തുള്ളതോ പശ്ചിമദേശത്തുള്ളതോ അല്ലാത്ത ഒരോലീവുമരത്തിൽനിന്നു (ള്ള എണ്ണകൊണ്ട്) അതു കത്തിക്കപ്പെടുന്നു. അഗ്നിസ്പർശനമുണ്ടായില്ലെങ്കിൽ തന്നെ ആ എണ്ണ സ്വയം പ്രകാശം നല്കുമാറാകുന്നു (അതുണ്ടായപ്പോഴോ) വെളിച്ചത്തിനുപരി വെളിച്ചം! അല്ലാഹു തന്റെ വെളിച്ചത്തിലേക്കു താനിച്ചിക്കുന്നവരെ നയിക്കുന്നു.” (24:35)
മനുഷ്യന്റെ ഹൃദയമാകുന്ന വെളിപ്പഴുതിൽ, പരിപാവന പ്രകൃതിയാകുന്ന കണ്ണാടിക്കകത്ത്, സഹജാവാബോധമാകുന്ന മണിവിളക്ക്, നൈസർഗ്ഗികഹിദായത്താകുന്ന സ്വായം ജ്വലന എണ്ണയോഴിച്ചു വച്ചിരിക്കുകയാണ് അള്ളാഹു ‘വഹ്യി’ ന്റെ പ്രവാചകന്മാരുടെയും വേദത്തിന്റെയും ഹിദായത്താകുന്ന അഗ്നിജ്വാല സ്പർശിച്ചതോടെ അതു കൂടുതൽ പ്രകാശമാനമായിത്തീർന്നു വെളിച്ചത്തിനുപരി വെളിച്ചമായി! ഈ വെളിച്ചത്തെ പദാർത്ഥവാദികൾക്ക് കാണ്മാൻ കഴിയുന്നില്ലെങ്കിൽ അതു തങ്ങളുടെ ശുദ്ധപ്രകൃതിയെ പക്ഷപാതം കൊണ്ടും സ്വാർത്ഥ താല്പര്യം കൊണ്ടും പങ്കിലമാക്കിയതിന്റെ അനന്തര ഫലമൊന്നു മാത്രമാണ്. ശുദ്ധപ്രകൃതികളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ വെളിച്ചം സദാ ലഭിച്ചുകൊണ്ടിരിക്കുന്നു. അവർ ആ പരമയാഥാർഥ്യത്തെ സ്വന്തം ദൃഷ്ടികൊണ്ടെന്നപോലെ കാണുകയും ചെയ്യുന്നു.
ഏകദൈവസിദ്ധാന്തമാണ് ഏററവും സ്പഷ്ടവും പ്രകാശമാനവുമായ സത്യം അല്ലാഹുവിന്റെ അടിമത്തവും അനുസരണവും ആരാധനയുമാണ് ഏറ്റവും സനാതനമായ ധർമ്മം. ഇത്രയും വിവരിച്ചതിൽനിന്നും അതു സുതരാം തെളിഞ്ഞുകഴിഞ്ഞു. മനുഷ്യന്റെ അന്തർമ്മണ്ഡലം (Ego) തൊട്ടു പ്രപഞ്ചം (Universe) മുഴുവൻ സത്യപ്രഭ വ്യാപിച്ചു കിടക്കുന്നു ഇതു നമ്മുടെ ബാഹേന്ദ്രിയങ്ങൾക്കു ഗോചരമായിട്ടുണ്ടെങ്കിൽ അതിന്റെ അസ്പഷ്ടതയോ അകൽച്ചയോ അല്ല അതിനുകാരണം; ഒരിക്കലുമല്ല. പ്രത്യത ആത്യന്തികമായ വ്യക്തതയും അടുപ്പവും മാത്രമാകുന്നു സൂര്യനെ നമ്മുടെ നഗ്നദൃഷ്ടിക്കു ദർശിക്കാനാവാത്തതു അതിന്റെ അസഹ്യമായ പ്രഭാപ്രസരം കൊണ്ടും, കൺപുരികത്തെ കണ്ണിനു കാണാൻ കഴിയാത്തതു അതിന്റെ ആത്യന്തികമായ അടുപ്പംകൊണ്ടുമാണല്ലോ!
ان من شدة الظهور الخفاء